ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? കൊയിലാണ്ടിയില്‍ നിന്നും ഒരുമണിക്കൂര്‍ കൊണ്ടെത്താം, ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളിലേക്ക്
മാഹിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മദ്യമാണ്. മാഹിയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേശീയപാതയ്ക്ക് ഇരുവശവും കാണാം മദ്യം നിറച്ച ചില്ലുകുപ്പികളുള്ള കടകള്‍. എന്നാല്‍ മദ്യം മാത്രമല്ല, മാഹിയിലെ ലഹരി. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള കുഞ്ഞ് പട്ടണമാണിത്. ഏവരേയും ആകര്‍ഷിക്കുന്ന അത്തരം ചില കാഴ്ചകളിലേക്കാവട്ടെ ഈ വീക്കെന്‍ഡ് യാത്ര.
ഹില്ലക്ക്: മാഹിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണിത്. മൂപ്പെന്‍കുന്ന് എന്നറിയപ്പെടുന്ന മനോഹരമായ ഒരു കുന്ന്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള സമയം ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയതാണ്. കുന്നിന് അഭിമുഖമായി അറബിക്കടല്‍. സൊറപറഞ്ഞ് നടക്കാന്‍ നടപ്പാതകള്‍, വിശ്രമിക്കാന്‍ ബെഞ്ചുകളും വിശ്രമമുറികളുമെല്ലാമുണ്ട് ഈ കുന്നില്‍.
മാഹി നദിയുടെ നടപ്പാത: ദേശീയാപാതയ്ക്ക് അരികില്‍ തന്നെയായുള്ള മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് മാഹി നദിയുടെ നടപ്പാത. കുടുംബാംഗങ്ങളുമായും പങ്കാളിയുമായുമൊക്കെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാന്‍ പറ്റിയ ഇടം.
അഴിമുഖം: മാഹി അഴിമുഖമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. മാഹി നദി അറബിക്കടലില്‍ ചേരുന്ന ഇടമാണിത്. രണ്ട് കീലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാതയുണ്ട് ഇവിടെ. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടം.
വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്: സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മാഹിയിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിലേക്ക് പോകാം. മോട്ടോര്‍ ബോട്ടിങ്, പെഡല്‍ ബോട്ടിങ് തുടങ്ങിയവയ്ക്കുള്ള സൗകര്യം ഇവിടെയുണ്ട്. 200 രൂപ മുതലാണ് ഫീസ്.
മാഹി പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തെരേസയുടെ ദേവാലയം ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളില്‍ ഒന്നാണ്. ഇത് ഈ സ്ഥലത്തെ കൂടുതല്‍ ചരിത്രപരവും അവിസ്മരണീയവുമാക്കുന്നു ഇവിടുത്തെ പെരുന്നാള്‍ മലബാറില്‍ ഏറെ പ്രശസ്തമാണ്.
ടാഗോര്‍ പാര്‍ക്ക്: മാഹിയിലെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ടാഗോര്‍ പാര്‍ക്ക്. ടാഗോര്‍ പാര്‍ക്കിലെ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കുന്നത് മാഹിയിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. മാഹി നഗരത്തിലെ ഫ്രഞ്ച് ഭരണത്തിന്റെ പുരാതന സാന്നിധ്യം കാണിക്കുന്നു ടാഗോര്‍ പാര്‍ക്ക്. ഫ്രഞ്ച് ഐക്കണ്‍ മരിയാനയുടെ പ്രശസ്തമായ ഒരു പ്രതിമയുണ്ട് ഇവിടെ. അത് ഒരു ചരിത്ര ചിഹ്നമായി നിലകൊള്ളുന്നു.