കുത്തിയത് 14 പേരടങ്ങുന്ന അക്രമിസംഘം, പിന്നില്‍ കെ.എസ്.യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍; ആരോപണവുമായി മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍


കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് പതിനാല് പേരടങ്ങുന്ന അക്രമി സംഘമെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി നാസര്‍ റഹ്‌മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

ആക്രമണത്തിന് പിന്നില്‍ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നും തമീം ആരോപിച്ചു. കുത്തേറ്റ നാസര്‍ അബ്ദുല്‍ റഹ്‌മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് പരിശീലനത്തിനുശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

വടിവാളും ബിയറ് കുപ്പിയുംകൊണ്ട് ക്രൂരമായി ആക്രമിച്ചുവെന്നും യൂണിയന്‍ ചെയര്‍മാന്‍ ആരോപിച്ചു. കെ.എസ്.യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രട്ടേണിറ്റി പ്രവര്‍ത്തന്‍ ബിലാന്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്.എഫ്.ഐ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്.എഫ്.ഐ – ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒമ്പത് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.