കോഴിക്കോട് നഗരത്തില്‍ ലഹരിവേട്ട; മാരക മയക്കുമരുന്നുമായി അത്തോളി സ്വദേശി ഉള്‍പ്പെടെ മൂന്ന് ബി.ടെക് ബിരുദധാരികള്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ വന്‍ ലഹരിവേട്ട. മാരക മയക്കുമരുന്നുകളുമായി മൂന്ന് ബി.ടെക് ബിരുദധാരികള്‍ പിടിയിലായി. പാലാഴി അത്താണിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിവന്ന വയനാട് മേപ്പാടി കിളിയമണ്ണ വീട്ടില്‍ മുഹമ്മദ് ഷാമില്‍ റഷീദ് (25), കപ്പംകൊല്ലി പതിയില്‍ വീട്ടില്‍ നൗഫല്‍ അലി (22), കോഴിക്കോട് അത്തോളി കളത്തുംകണ്ടി ഫന്‍ഷാസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഡി.സി.പി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാഴി എം.എല്‍.എ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ റൂമില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
വില്‍പനക്കായി സൂക്ഷിച്ച മാരക സിന്തറ്റിക് മരുന്നുകളായ 31.30 ഗ്രാം എം.ഡി.എം.എ, 35 എല്‍.എസ്.ഡി സ്റ്റാബ്, 780 മില്ലിഗ്രാം എക്സ്റ്റസി പില്‍, 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മില്ലിഗ്രാം ഹഷീഷ് ഓയില്‍ എന്നിവയും ലഹരിമരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പറും പിടിച്ചെടുത്തു.
എസ്.ഐ ടി.വി ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫും) ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സിറ്റി പൊലീസ് കമീഷണര്‍ എ അക്ബറിന്റെ നിര്‍ദേശപ്രകാരം ലഹരിമാഫിയയെ അമര്‍ച്ചചെയ്യാന്‍ ഹോട്ടലുകള്‍, ഫ്‌ലാറ്റുകള്‍, വാടക വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നുണ്ട്.
summary:three B.Tech graduates arrested with deadly drugs in kozhikode city drug hunt