ഇനി മുതല്‍ പ്ലസ് ടു പാസായവര്‍ക്ക് നേരിട്ട് ലൈസന്‍സ് എടുക്കാം; പദ്ധതി പരിഗണയിലെന്ന് ഗതാഗത മന്ത്രി


മലപ്പുറം: പ്ലസ് ടു പാസായവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കണ്ടനകം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ്ങ് ആന്റ് റിസര്‍ച്ചില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കായി പുസ്തകങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതായും, വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും അവ സമര്‍പ്പിച്ചിട്ടുണ്ടെന്നും, പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പദ്ധതി ചരിത്ര സംഭവമായി മാറുമെന്നും മന്ത്രി പറഞ്ഞു.

സിലബസില്‍ ഉള്‍പ്പെടുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമബോധവാന്മാരാകുമെന്നും, ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും അദ്ധേഹം വ്യക്തമാക്കി. കൂടാതെ പദ്ധതി വഴി ലേണേഴ്‌സ് ടെസ്റ്റിന് വരുന്ന ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.