മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി


 

ഷഹനാസ് തിക്കോടി

തിക്കോടിയിലെ വീട്ടില്‍ നിന്നും അല്‍പ്പം കിഴക്കോട്ടു പോയാല്‍ എത്തുന്ന പ്രകൃതിരമണീയമായ ഒരിടമുണ്ട്. ‘ചാക്കര’ എന്ന് പറയും. പച്ചപ്പും പാടവും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്നിടം. പ്രവാസത്തിന്റെ ഇടവേളയില്‍ ഒരു ദിനം അവിടെയെത്തി എടുത്ത ചിത്രമാണിത്.

മീന്‍പിടുത്തതില്‍ വൈദഗ്ധ്യം നേടിയ ഒരാളെ അവിടെ കണ്ടു. ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കുക എന്നത് ഒരു അദ്ഭുതവിദ്യയായി കരുതുന്ന ഒരാളാണ് ഞാനിപ്പോളും. കുളത്തില്‍ പണ്ട് തോര്‍ത്ത്‌വിരിച്ച് പരലുകളെ കോരി കുപ്പിയിയില്‍ പോറ്റിയതല്ലാതെ മീന്‍പിടുത്തവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഈ വിഷയത്തില്‍ മിടുക്കരായ ചില കൂട്ടുകാരുണ്ടായിരുന്നു.അലക്കുകല്ലിനരികിലെ നനവിനു ചോട്ടിലെ മണ്ണിരകളെത്തേടി അവരുടെ തീവണ്ടി വീട്ടിലേക്കുവന്ന് തിരിച്ചുപോകുമ്പോള്‍ അതിന് ഒരുബോഗി കൂടതലുണ്ടാവുമായിരുന്നു.

ഞങ്ങളുടെ തീവണ്ടി അടുത്ത കുളക്കരയുടെ പ്ലാറ്റ്‌ഫോമില്‍ പലതായി അഴിഞ്ഞുകിടന്ന് മീന്‍കിനാവുകള്‍ കണ്ടു. ഈര്‍പ്പമുള്ള മണ്ണിരകളെ തൊടാന്‍ എനിക്ക് അറപ്പായിരുന്നു. കൂട്ടുകാര്‍ ഉപ്പൂത്തിയിലകളില്‍ പൊതിഞ്ഞുവെച്ച അവയെ അറപ്പില്ലാതെ വിരലുകൊണ്ട് മുറിച്ചെടുത്ത് ചൂണ്ടക്കൊളുത്തുകളില്‍ കോര്‍ത്തു.
മണ്ണിരകളാണ് മികച്ച ഇര. ചൂണ്ടയില്‍ കൊരുത്തിട്ടാല്‍, ഈ കൊടുംനോവില്‍നിന്നും മരണത്തിലേക്കെന്നെ രക്ഷിക്കൂ എന്നവിധം അവ വല്ലാതെ പുളഞ്ഞ് മീനുകളോട് വിളിച്ചുപറയും.

രക്ഷയുടെ വാ പിളര്‍ന്നു നീന്തിയെത്തുന്ന മീനുകള്‍ ഒരു ഞൊടികൊണ്ട് ചൂണ്ടയില്‍ കുരുങ്ങി വായുവില്‍ പുളഞ്ഞ് ഉപ്പൂറ്റിയിലകളുടെ പച്ചപ്പൊതികളില്‍ പോസ്റ്റുമോര്‍ട്ടം കാത്തുകിടക്കും.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


അലക്കു കല്ലുകളും മണ്ണിരകളും മണ്ണട്ടകളും കാലമെടുത്തുപോയിട്ടും ചൂണ്ടയിടുന്നമനുഷ്യരും അവരുടെ വിപണിയും സജീവമാണ്. നോക്കൂ… മണ്ണിരകളില്ലാതെ, മണ്ണട്ടകളില്ലാതെ, ചൂണ്ടലുകൊണ്ട് മീന്‍പിടിക്കാവുന്ന ഒരു കാലം ഉരുത്തിരിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ്യങ്ങളേക്കാളും മികച്ച വ്യാജതയുടെ ഒടിവിദ്യകള്‍കൊണ്ട് നാം ചൂണ്ടയെറിയുന്നു. വിശക്കുന്ന മീനുകളുടെ പെരുങ്കടലായി ഈ ലോകംതന്നെ മാറുന്നു.

പനിയും ക്ഷീണവും കാരണം സ്വയം പാകം ചെയ്ത കഞ്ഞി ആയിരുന്നു കഴിഞ്ഞ ദിവസത്തെ അത്തായം. അതോരോര്‍മയിലേക്കുള്ള വഴി തുറന്നു. കഞ്ഞി കുടിക്കാന്‍ മുന്‍ നാളുകളില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്ലാവില ഓര്‍മ്മയുണ്ടോ… പുഴുക്കുത്ത് വീഴാത്ത, പഴുത്ത പ്ലാവില കിട്ടാന്‍ പ്രയാസമാണ്.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


അതിന്റെ മിനുപ്പുള്ള ഭാഗം വലംകൈ വെള്ളയിലൊന്ന് ഉരച്ചുതുടയ്ക്കും. ഇരു കൈകളുംകൊണ്ട് ഒരു പ്രത്യേക വഴക്കത്തില്‍ മടക്കിയൊടിച്ച് കുമ്പിളാക്കും. ഇലത്തുമ്പൊടിച്ചു വെച്ചതിനു മുകളിലൂടെ ഈര്‍ക്കില്‍ കുത്തി, മറുപുറം തുളച്ച് വീണ്ടും പുറത്തേക്കിട്ട് പൂട്ടിട്ട് ബാക്കിവന്ന ഈര്‍ക്കില്‍കഷ്ണം ഒടിച്ചുകളയും. ഇലഞെട്ടി കിളിച്ചുണ്ടുപോലെ വളഞ്ഞുനില്‍ക്കും. ഒരു ബലത്തിന്, നടുവിരല്‍കൊണ്ട് നേര്‍ത്ത ഒരു താങ്ങ് നല്‍കി ചൂടുകഞ്ഞിയുള്ള പിഞ്ഞാണത്തിന്റെ അടിയിലൂടെ മൃദുവായി തുഴഞ്ഞിളക്കി ഉയര്‍ത്തുമ്പോള്‍, കഞ്ഞിയില്‍, പഴുക്കപ്ലാവില ചൂടായ ഒരു മണമുയരുന്നുണ്ടാവും… കൊതിപ്പിക്കുന്ന ഗന്ധം.

കുമ്പിള്‍ കുത്തിയത് ശരിയായില്ലെങ്കില്‍ അതിന്റെ ഓട്ടയിലൂടെ കഞ്ഞിവെള്ളം മഴനൂലുപോലെ പിഞ്ഞാണത്തിലേക്കുതന്നെ തിരിച്ചുവീഴും. പിന്നെ, അതില്‍ തടഞ്ഞ വറ്റുകള്‍ ഒരു പ്രത്യേക ചലനത്തോടെ തുറന്നുപിടിച്ച വായിലേക്കു കൊട്ടിയിടേണ്ടിവരും. ഇതൊഴിവാക്കാന്‍ പ്ലാവിലക്കുമ്പിളിനടിയിലെ മുനയോട്ട ചെറുതായൊന്ന് ഞെക്കി മടക്കിയൊടിച്ചുവെക്കാം.


.‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


കഞ്ഞികുടിയുടെ അവസാനഘട്ടത്തില്‍, ചരിച്ചുപിടിച്ച പിഞ്ഞാണത്തിന്റെ വക്കുമടക്കിലൂടെ കുമ്പിളിനൊരു പാച്ചിലുണ്ട്. അവശേഷിച്ച കഞ്ഞിയും ഊറ്റിക്കോരിയെടുക്കാന്‍. അവസാനമുത്തവും നല്‍കി, പ്ലാവിലക്കുമ്പിളിനെ ചുണ്ടില്‍നിന്ന് വേര്‍പ്പെടുത്തും മുന്‍പ്, പല്ലുകളോട് ചേര്‍ത്തുവെച്ച് അതിനൊരു കടികൊടുക്കും. ടച്ചിങ്ങ് പോലെ. തുടര്‍ന്ന്, കാലിയായ പിഞ്ഞാണത്തില്‍ ആ പ്ലാവിലക്കുമ്പിളിനൊരു കിടത്തമുണ്ട്…. മലര്‍ന്നുകിടക്കുന്ന കുഞ്ഞുപൈതല്‍ കാലുകളുയര്‍ത്തി പുഞ്ചിരി പൊഴിക്കുന്നതുപോലെ.