രണ്ടുവർഷത്തിനിടെ മുത്താമ്പി പുഴയില്‍ ചാടി മരിച്ചത് പത്തോളം പേര്‍; പുഴയ്ക്കു ചുറ്റും ഉയരത്തില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു
കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിന് ചുറ്റും കമ്പിവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
2024 ജനുവരി മുതല്‍ ഇതുവരെ എട്ടുപേരാണ് പുഴയില്‍ ചാടി മരിച്ചത്. ഏറ്റവുമൊടുവിലായി ഇന്നലെ രാത്രിയാണ് ഇവിടെ ഒരാള്‍ ആത്മഹത്യ ചെയ്തത്. കീഴരിയൂര്‍, പന്തലായനി, മേപ്പയ്യൂര്‍ ഭാഗത്തുനിന്നുവരെ ആളുകള്‍ ഈ പാലം ആത്മഹത്യയ്ക്കായി തെരഞ്ഞെടുക്കുന്നുണ്ട്. പേരാമ്പ്ര ഭാഗത്തേക്ക് പോകുമ്പോള്‍ മുത്താമ്പി പാലം ഏതാണ്ട് നൂറുമീറ്റര്‍ അകലെയാണ് ടൗണ്‍. പാലത്തിന്റെ ഭാഗത്ത് പൊതുവെ ആളുകള്‍ ഉണ്ടാവാറാല്ല. രാത്രി ആവശ്യത്തിന് വെളിച്ചവുമില്ലെന്നതെല്ലാം ഇവിടെ ആത്മഹത്യയ്ക്കായി തെരഞ്ഞെടുക്കാന്‍ കാരണമാണ്.
പാലത്തിലോ സമീപത്തോ തെരുവുവിളക്കുകളൊന്നുമില്ല. അതിനാല്‍ രാത്രിയായാല്‍ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രം കൂടിയാവാറുണ്ട്.
മത്സ്യത്തൊഴിലാളികളടക്കം നിരവധി പേര്‍ക്ക് ജീവിതവഴിയൊരുക്കിയ പുഴയാണ് ഇന്ന് പലര്‍ക്കും ജീവിതം അവസാനിപ്പിക്കാനുള്ള ഇടമെന്ന തരത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. ചിലപ്പോള്‍ രണ്ടുദിവസം വരെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയാണ് ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമുമെല്ലാം പുഴയില്‍ ചാടിയ ആളുകളെ കണ്ടെത്തുന്നത്. ഇത്തരം പ്രയാസങ്ങളെല്ലാം ഒഴിവാക്കാനായി പുഴയ്ക്ക് ഇരുഭാഗത്തും ഉയരത്തില്‍ കമ്പിവേലി കെട്ടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
ഇതിലൂടെ പുഴയിലേക്ക് മാലിന്യം തള്ളുന്നതും തടയാനാവും. പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ വാഹനങ്ങളിലാക്കി ഇവിടെ പാലത്തില്‍ നിന്നും പുഴയിലേക്കും കണ്ടല്‍ക്കാടുകൡലേക്കും വലിച്ചെറിയുന്നതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണാന്‍ വേലി കെട്ടുന്നതിലൂടെ സാധിക്കും. എത്രയും പെട്ടെന്ന് അതിനുള്ള നടപടികളുണ്ടാവണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.