ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസം; കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് 9 ന്


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് 9 ന് നടക്കും. നഗരസഭയിലെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനായി 2016 മുതല്‍ സമഗ്രമായ പദ്ധതിയാണ് കൊയിലാണ്ടി നഗരസഭയും കേരള വാട്ടര്‍ അതോറിറ്റിയും തയ്യാറാക്കിയത്.

ഇതിന്റെ ഭാഗമായി 2017 ല്‍ കേരള സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ നിന്നും ആദ്യഘട്ടത്തില്‍ 85 കോടി രൂപ അനുവദിക്കുകയും മേല്‍ തുക കൊണ്ട് നഗരസഭയിലെ നടേരി വലിയമല, പന്തലായനി കോട്ടക്കുന്ന്, കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലായി വലിയ ജല സംഭരണികള്‍ നിര്‍മ്മിക്കുകയും ആയതില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം എത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭയിലെ 20000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വീട്ടില്‍ എത്തിക്കുന്നതിന് 359കി.മി. വ്യാപ്തിയില്‍ ജലവിതരണ ശ്യംഖല സ്ഥാപിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും 120 കോടി രൂപ അനുവദിക്കുകയുണ്ടായി. പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന് ടെണ്ടര്‍ നടപടിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു.

കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖലയുടെ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് 9 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും, ചടങ്ങില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് മുഖ്യാതിഥിയാകുമെന്നും ചടങ്ങ് വന്‍ വിജയമാക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അറിയിച്ചു.