”വീട് റവന്യൂവിഭാഗം ഏറ്റെടുത്തിട്ടില്ല, പൊളിച്ചുമാറ്റാന്‍ കൊയിലാണ്ടി സി.ഐ ആവശ്യപ്പെട്ടിട്ടുമില്ല’; എസ്.എന്‍.ഡിപി കോളേജിനു സമീപത്തെ വീട് എസ്.എഫ്.ഐ ഇടിമുറിയായി ഉപയോഗിച്ചുവെന്നതടക്കമുള്ള മാതൃഭൂമി പത്രവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് വീട്ടുടമസ്ഥന്‍


പയ്യോളി: കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കോളേജിന് സമീപത്തെ വീടുമായി ബന്ധപ്പെട്ട മാതൃഭൂമി പത്രത്തില്‍ വന്ന വാർത്ത തള്ളി വീടുടമസ്ഥനായ ഷെനിത്ത്. വീട് റവന്യൂ വിഭാഗം ഏറ്റെടുക്കയോ പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ഈ വീട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ താവളമാക്കുന്നുവെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നം ഷെനിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ഈ വീടും സ്ഥലവും റവന്യൂ വിഭാഗം ഏറ്റെടുത്തതാണെന്നും എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വീട് പൊളിച്ചുമാറ്റാന്‍ കൊയിലാണ്ടി സി.ഐ ആവശ്യപ്പെട്ടുവെന്നുമായിരുന്നു മാതൃഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്തത്. ഈ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നാണ് ഷെനിത്ത് പറഞ്ഞത്.

കുന്ന്യോറമലയ്ക്ക് താഴെയായി ബൈപ്പാസില്‍ നിന്നും ഇരുപത് മീറ്ററോളം അകലെയാണ് വീട് സ്ഥിതി ചെയ്യുന്നത്. ബൈപ്പാസ് നിര്‍മ്മാണത്തിനായി നേരത്തെ മുന്‍ഭാഗത്ത് നിന്ന് കുറച്ച് സ്ഥലം ഏറ്റെടുത്തതല്ലാതെ വീടോ നിലവില്‍ അതിനുചുറ്റുമുള്ള ഭൂമിയോ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ മഴക്കാലത്ത് കുന്ന്യോറമലയില്‍ ബൈപ്പാസിനായി മണ്ണെടുത്ത സ്ഥലത്ത് ശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു.  ഇതേത്തുടർന്ന് ഈ വീടും അപകടാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ റവന്യൂ വിഭാഗം വില്ലേജ്, താലൂക്ക്, നഗരസഭാ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടെ നിന്ന് തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ചാണ് വീട് പൂട്ടിയിട്ട് വാടകയ്ക്ക് താമസിച്ചതെന്നും ഷെനിത്ത് വ്യക്തമാക്കി.

താല്‍ക്കാലികമായി വാടകയ്ക്ക് താമസിക്കാനും അതിന്റെ ചെലവ് വാഗാഡ് വഹിക്കുമെന്നും ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വീട് പൂട്ടി ഇവിടെ നിന്നും മാറിയത്. മണ്ണിടിയിരുന്ന ഭാഗത്ത് കല്ലിട്ട് കെട്ടി സുരക്ഷിതമാക്കുന്നതുവരെ മാറിത്താമസിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതിനസുരിച്ച് പന്തലായനി ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തോളമായി. ഇതുവരെ വാടകയിനത്തില്‍ ഒരു പൈസയും ലഭിച്ചിട്ടില്ല. വീടിനായുള്ള അഡ്വാന്‍സും വാടകയും സാധനങ്ങള്‍ മാറ്റാനുള്ള ചെലവും എല്ലാം താന്‍ തന്നെയാണ് നല്‍കിയതെന്നും ഷെനിത്ത് വ്യക്തമാക്കി.

വീട് പൊളിക്കാന്‍ കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസ് നോട്ടീസ് നല്‍കിയെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തയില്‍ കണ്ടത്. അങ്ങനെയൊരു നോട്ടീസ് ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. ഈപറഞ്ഞത് ശരിയാണെന്ന് കരുതിയാല്‍ തന്നെ വീട് പൊളിക്കാന്‍ നോട്ടീസ് നല്‍കേണ്ടത് സി.ഐ ആണോയെന്നും അദ്ദേഹം ചോദിച്ചു.

വീട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടിമുറിയായി ഉപയോഗിക്കുകയാണെന്ന വാര്‍ത്തയിലെ പരാമര്‍ശവും ഷെനിത്ത് തള്ളി. എസ്.എന്‍.ഡി.പി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അമല്‍ ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന ദിവസത്തിന്റെ പിറ്റേന്ന് മക്കളുമായി വീടുവരെ പോയിരുന്നു. വാതില്‍ തുറന്ന് അകത്ത് പോയിട്ടില്ല. വീട്ടിലും പരിസരത്തും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല. പിറ്റേന്ന് ഫോട്ടോ ഉള്‍പ്പെടെ നല്‍കിയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഇങ്ങനെയൊരു കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.