തലതിരിഞ്ഞ അണ്ടര്‍പ്പാസ് മാത്രമല്ല, ഇവിടെ വെള്ളക്കെട്ടൊഴിവാക്കാന്‍ റോഡ് മുറിച്ച് തോടുമുണ്ടാക്കി; വാഗാഡ് കമ്പനിയുടെ ‘എളുപ്പപ്പണി’ കാരണം കൊല്ലം നെല്ല്യാടി റോഡില്‍ യാത്രക്കാര്‍ അപകടഭീഷണിയില്‍
കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡില്‍ വെള്ളക്കെട്ടുണ്ടായാല്‍ എളുപ്പപ്പണി റോഡില്‍ വിലങ്ങനെ ഒരു തോട് നിര്‍മ്മിച്ച് അതിലൂടെ വെള്ളം കടത്തിവിടുകയെന്നാണ്. അവിടെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പുല്ലുവില മാത്രം. കൊല്ലം നെല്ല്യാടി റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന വഴിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് വാഗാഡ് കമ്പനിയുടെ തൊഴിലാളികള്‍ ചെയ്തിരിക്കുന്നത്.
വലിയ വാഹനങ്ങള്‍ അല്പം മെനക്കെട്ട് ഈ തോട് താണ്ടി പോകുമ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നതും വീഴുന്നതും പതിവായിരിക്കുകയാണ്. ഈ മേഖലയില്‍ സാമാന്യബുദ്ധി അല്പംപോലും ഇല്ലെന്ന തരത്തിലാണ് തൊഴിലാളികള്‍ ഇതുവരെയുള്ള പണി ചെയ്തിരിക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണം ഇവിടെ നിര്‍മ്മിച്ച അണ്ടര്‍പാസാണ്. റോഡ് കടന്നുപോകുന്ന വഴിയൊന്നും നോക്കാതെ തലതിരിഞ്ഞ് നിര്‍മ്മിച്ച അണ്ടര്‍പാസ് ഇതിനകം തന്നെ വലിയ തലവേദനയായിട്ടുണ്ട്. ഇനി അണ്ടര്‍പാസ് കടന്നുപോകുന്ന വഴിയിലൂടെ റോഡ് വഴിതിരിച്ചുവിടുകയെന്ന വഴി മാത്രമേയുള്ളൂ.
ഇതിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ ചുവപ്പുനാടയില്‍ തന്നെ. അതിനിടയിലാണ് റോഡിന്റെ നടുവിലൂടെ തോട് കീറി യാത്രക്കാര്‍ക്ക് മറ്റൊരു കുരുക്കുകൂടി വാഗാഡ് അധികൃതര്‍ തീര്‍ത്തിരിക്കുന്നത്.
ജില്ലയിലെ മേജര്‍ ഡിസ്ട്രിക്ക് റോഡായിട്ടാണ് കൊല്ലം നെല്ല്യാടി റോഡിനെ അധികൃതര്‍ കാണുന്നത്. ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലകളെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന റോഡാണ്. അഞ്ചു തവണ സര്‍ക്കാര്‍ ബഡ്ജറ്റില്‍ റോഡ് വികസനത്തിനായി നീക്കിവെച്ചത് 39.5 കോടി. പക്ഷേ റോഡ് വികസനം മാത്രം നടന്നില്ല.
ഒടുവില്‍ മേപ്പയൂര്‍ മുതല്‍ കൊല്ലം വരെ റോഡിലെ അറ്റകുറ്റപണിക്കായി രണ്ടര കോടി രൂപയുടെ അറ്റകുറ്റപ്പണി. ആ പണിയാകട്ടെ നരക്കോട് വരെ മാത്രം നടത്തി നിര്‍ത്തി. 18 ഓളം ബസുകള്‍ നിരവധി ട്രിപ്പുകളിലായി കൊയിലാണ്ടിയില്‍ നിന്ന് മേപ്പയൂരിലേക്കും തിരിച്ചും കടന്നു പോകുന്നു.
ദേശീയ പാതയില്‍ തിക്കോടിക്കും കൊല്ലത്തിനുമിടയില്‍ വാഹന അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ പയ്യോളിയില്‍ നിന്ന് വാഹനങ്ങള്‍ മേപ്പയൂര്‍ വഴി കൊല്ലം ദേശീയ പാതയിലേക്ക് തിരിച്ചുവിടുന്നു. കുറ്റ്യാടി മേഖലയില്‍ നിന്ന് എളുപ്പവഴിയെന്ന നിലയില്‍ നിരവധി വാഹനങ്ങള്‍ ഈ റോഡ് വഴി കോഴിക്കോട്ടേക്ക് കടന്നു പോകുന്നു. ഇത്രയേറെ പ്രാധാന്യമുള്ള റോഡാണ് ഈ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ കൊല്ലം മേപ്പയൂര്‍ റോഡിലെ ഗതാഗതം തന്നെ വഴിമുട്ടുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.