തക്കാളി വില ഇനിയും ഉയര്‍ന്നേക്കും; കിലോയ്ക്ക് 300 രൂപയിലെത്തുമെന്ന് പ്രവചനം


കോഴിക്കോട്: രാജ്യത്ത് തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് വഴിവെച്ചിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

മഴക്കാലത്ത് കൂടുതല്‍ തക്കാളി ചെടികള്‍ വെക്കാനും സാധിക്കില്ല. അതുകൊണ്ട് വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

ജൂലൈ-ആഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് തക്കാളി ഉല്‍പദാനം ഏറ്റവും കുറയുന്നത്. ഇത് വരും ദിനങ്ങളിലും തക്കാളി വില ഉയര്‍ത്തിയേക്കും. ജൂണില്‍ 40 രൂപയായിരുന്നു തക്കാളിയുടെ വില. എന്നാല്‍, ജൂലൈ ആദ്യവാരത്തില്‍ വില 100 രൂപയിലേക്കും പലയിടങ്ങളിലും അതിന് മുകളിലേക്കും ഉയരുകയായിരുന്നു.

നിലവില്‍ കൊയിലാണ്ടിയില്‍ തക്കാളി വില നൂറിനടുത്തെത്തിയിട്ടുണ്ട്. തക്കാളി വില ഉയര്‍ന്നത് പച്ചക്കറി വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. നേരത്തെ കിലോയും രണ്ടുകിലോയുമൊക്കെ ഒരുമിച്ച് വാങ്ങിയിരുന്നവര്‍ കാല്‍കിലോ ഒക്കെയോ ഇപ്പോള്‍ വാങ്ങുന്നുള്ളൂവെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.