നടുവത്തൂരിലെ സി പി എം പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോള്‍ സാഫല്യമായത് നിര്‍ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്‌നം; അഞ്ച് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി ‘സ്‌നേഹവീടിന്റെ’ താക്കോല്‍ കൈമാറി മന്ത്രി പി എ മുഹമ്മദ് റിയാസ്


കൊയിലാണ്ടി: നടുവത്തൂര്‍ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോള്‍ സാഫല്യമായത് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്‌ന സാക്ഷാത്ക്കാരമാണ്. സുമനസ്സുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ് ആയിരുന്നു ഇന്ന്.

സോറിയാസിസ് അസുഖം ബാധിച്ച് ജോലിക്കു പോകാനാവാതെ ഓല മേഞ്ഞ വീട്ടില്‍ വര്‍ഷങ്ങളായി ദുരിതം പേറി ജീവിക്കുകയായിരുന്നു പുളിയങ്ങാട് മീത്തല്‍ രാജീവനും കുടുംബവും. ഭാര്യ ഷൈലജ ആസ്തമ കാരണം ജോലിക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചെറിയ തോതിലുളള ജോലികള്‍ ചെയ്താണ് കുടുംബം മുന്നോട്ട് പോയിരുന്നത്. നിര്‍ധനാവസ്ഥയില്‍ കഴിഞ്ഞ കുടുംബത്തിന് സഹായം നല്‍കിക്കൊണ്ടിരുന്നത് നാട്ടുകാരായിരുന്നു.

പ്ലസ്ടുവിനും ഡിഗ്രിക്കും പഠിക്കുന്ന രണ്ട് മക്കളുണ്ട് രാജീവന്. ഇരുവരും പഠനത്തില്‍ മികച്ച മാര്‍ക്കുകളോടെയാണ് പാസ്സായത്. ഇരുവരുടെയും പഠന ചിലവും നിത്യേനയുളള ആവശ്യങ്ങള്‍ക്കുമെല്ലാം വലിയ ബുദ്ധിമുട്ടായിരുന്നു നേരിട്ടത്. കുടുംബത്തിന്റെ പ്രയാസം മനസ്സിലാക്കിയ നടുവത്തൂര്‍ സി.പി. എം പ്രവര്‍ത്തകര്‍ ഒന്നിച്ച് കമ്മിറ്റി രൂപീകരിക്കുകയും വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.

ഏകദേശം അഞ്ച് മാസം കൊണ്ടാണ് വീടിന്റെ മുഴുവന്‍ പണിയും തീര്‍ത്തത്. രണ്ട് ബെഡ്‌റൂമുകള്‍, അടുക്കള, സിറ്റൗട്ട്, ബാത്‌റും തുടങ്ങി ഒരുകുടുംബത്തിന് താമസിക്കാനുളള എല്ലാവിധ സൗകര്യങ്ങളും പുതുതായി നിര്‍മ്മിച്ച വീട്ടില്‍ ഉണ്ട്. നടുവത്തൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുളള രാജീവിന്റെ പഴയ ഓലമേഞ്ഞ വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്.

സി.പി.എം നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് രാജീവന്‍. ചെയര്‍മ്മാന്‍: കെ.സി സുരേഷ് കണ്‍വീനര്‍: ഹനീഫ അറഫാത്ത്, ട്രഷറര്‍: സി.കെ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് പ്രവര്‍ത്തിച്ചത്.

[