വടകരയില്‍ ലഹരി തലയ്ക്ക് പിടിച്ച് പരസ്പരം ഏറ്റ് മുട്ടി യുവാക്കള്‍; സംഘര്‍ഷത്തില്‍ താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിന് കുത്തേറ്റു


വടകര: വടകരയില്‍ ലഹരി തലയ്ക്ക് പിടിച്ച് പരസ്പരം ഏറ്റ്മുട്ടി യുവാക്കള്‍. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസ് (25) നാണ് കുത്തേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം പുതിയ സ്റ്റാന്റിനു സമീപം ദേശീയപാതയോരത്താണ് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ലഹരിഅമിതമായി ഉപയോഗിച്ച് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇരുവരും. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘര്‍ഷം മൂര്‍ച്ചിച്ച ഘട്ടത്തില്‍ അജി ഹിജാസിന്റെ കൈയ്ക്ക് കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ചോരവാര്‍ന്നിട്ടും ഏറ്റുമുട്ടല്‍ തുടര്‍ന്ന യുവാക്കള്‍ നാട്ടുകാരുടെ കര്‍ശന ഇടപെടലിനെതുടര്‍ന്നാണ് പിന്തിരിഞ്ഞത്. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹിജാസിനെ കുത്തിയ കേസില്‍ അജിയെ കസ്റ്റഡിയിലെടുത്തു.

പുതിയ ബസ്റ്റാന്റ് പരിസരത്ത് ആക്രി കച്ചവടം നടത്തി ജീവിക്കുന്നയാളാണ്  തമിഴ്നാട് സ്വദേശിയായ  അജി. കേസില്‍ മറ്റ് തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും കുത്ത് കേസില്‍ മാത്രമാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും വടകര പൊലീസ് വരകര ഡോട് ന്യൂസിനോട് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലഹരി സംഘങ്ങളുടെപരസ്പരമുള്ള ഏറ്റുമുട്ടലുകള്‍  വര്‍ധിച്ചുവരികയാണെന്നും വിഷയത്തില്‍ സക്തമായ നടപടി കൈക്കൊള്ളണമെന്നും സംഘര്‍ഷത്തിന് സാക്ഷികളായ നാട്ടുകാര്‍ ആവശ്യപ്പെട്ടു.