ചീത്തവിളിച്ചും കല്ലെറിയാന്‍ നോക്കിയും നാട്ടുകാര്‍; നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം


പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന അള്ളിയോറ താഴ തോട്ടില്‍ എത്തിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

പ്രതിയുമായി ആദ്യം വാളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപമാണ് പൊലീസ് എത്തിയത്. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വണ്ടപ്പുറം ഭാഗത്തുവെച്ചാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയത്. ഇവിടെയെത്തിയ പ്രതി എവിടെവെച്ചാണ് യുവതിയെ ബൈക്കില്‍ കയറ്റിയതെന്ന് കാട്ടിക്കൊടുത്തു. ഇവിടെ തെളിവെടുപ്പിന് ശേഷമാണ് വയലിലേക്ക് കൊണ്ടുപോയത്.

പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്ന കാര്യം അറിഞ്ഞ് നിരവധി പേരാണ് കൊലപാതകം നടന്ന പ്രദേശത്ത് എത്തിയത്. പ്രതിയെ എത്തിക്കുംമുമ്പ് ഇവിടെ വലിയ പൊലീസുകാരെ വിന്യസിച്ചിരുന്നു. വടംകെട്ടിയാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്.

പ്രതിയെ കണ്ടതോടെ ജനങ്ങള്‍ പ്രകോപിതരായി. ഇവര്‍ ചീത്തവിളിക്കാനും കൂക്കിവിളിക്കാനും തുടങ്ങി. കല്ലേറ് തുടങ്ങിയതോടെ പ്രതിയെ ഉടന്‍ പൊലീസ് വാഹനത്തിലേക്ക് കയറ്റി തിരികെ കൊണ്ടുപോയി.

പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ മാര്‍ച്ച് 11നാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകളില്‍ പ്രതിയാണ് മുജീബ്.