പെരുവയലിൽ മതിൽ പണിക്കിടെ 16 കോൽ താഴ്ചയുള്ള കിണറ്റിലേക്ക് കാൽ തെറ്റി വീണു; ഓക്സിജൻ ഇല്ലാതെ അവശനായ മധ്യവയസ്കനെ അതിസാഹസികമായി രക്ഷിച്ച് നാട്ടുകാരും അഗ്നിശമന സേനയും


കോഴിക്കോട്: മതിൽ പണിക്കിടെ കാൽ തെന്നി നേരെ കിണറ്റിലേക്ക്, ഓക്സിജനില്ലാതെ അവശനായ വ്യക്തിക്ക് ഒടുവിൽ രക്ഷകരായി നാട്ടുകാരും അഗ്നിശമന സേനയും. പെരുവയൽ പരിയങ്ങാട് പാറ ബസ്റ്റോപ്പിന് സമീപം സഞ്ജയുടെ വീടിന്റെ മതിൽ കേട്ടുകൊണ്ടിരുന്ന പെരുമണ്ണ പുളിക്കൽത്താഴം സ്വദേശി സൈതലവി(50)യാണ് കിണറ്റിൽ വീണത്. ആൾമറയില്ലാത്ത കിണർ 16 കോൽ താഴ്ചയുള്ളതായിരുന്നു.

സഹായി ജലാൽ സിമന്റുമായി വന്നപ്പോൾ സൈതലവിയെ ആദ്യം അവിടെയെങ്ങും കണ്ടില്ല. പിന്നീട് നോക്കിയപ്പോഴാണ് കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ജലാലും ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന തൊഴിലാളികളും സംഭവമറിഞ്ഞെത്തിയ നാട്ടുകാരും സൈതലവിയെ ഇരുത്താനായി കസേര ഇറക്കി കൊടുത്തു. കിണറ്റിൽ ശേശം കിട്ടാതെ ബുദ്ധിമുട്ടാൻ തുടങ്ങിയപ്പോൾ ഇവർ ടേബിൾ ഫാനും ഇറക്കി കൊടുത്തു.

വിവരമറിയിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോട് കൂടി സേന സംഭവ സ്ഥലത്തെത്തുമ്പോഴേക്കും കിണറിൽ ഓക്സിജന്റെ അഭാവത്തെ തുടർന്ന് ഇരുവരും അവശരായി കഴിഞ്ഞിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.പി ബാബുരാജിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഫൈസിയുടെയും നേതൃത്വത്തിൽ വെള്ളിമാട്കുന്ന് നിന്നെത്തിയ അഗ്നിരക്ഷാ സേന ഉടനെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഖിൽ മല്ലിശ്ശേരി ചെയർ നോട്ടിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്താൽ ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. പരിക്ക് പറ്റിയ ആളെ ഉടനെ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് സൈതലവിയെയും ജലീലിനെയും ഗുരുതരമായ അപകടത്തിൽ നിന്നാണ് രക്ഷിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്‌ മുണ്ടക്കാട്, വി. ജിതിൻ, പി.മധു, ജിജിൻ രാജ്, അബിലജ്പതലാൽ, ഹോം ഗാർഡ് ബാലൻ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും രക്ഷപെടുത്തിയത്.