പശുക്കടവില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കടന്തറ പുഴയില്‍ നിന്നും കണ്ടെത്തി


കുറ്റ്യാടി: പശുക്കടവില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കടന്തറ പുഴയില്‍ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയില്‍ ഷിജു (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്നിശമന സേനാവിഭാഗം നടത്തിയ തിരച്ചിലില്‍ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷിജുവിനെ കാണാതായത്. തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാളെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് കാണാതായത്. കടന്തറ പുഴയ്ക്ക് കുറുകെ പൂഴിതോടിനും എക്കലിനും മധ്യയുള്ള തൂക്ക് പാലത്തില്‍ ഷിജുവിന്റെ ചെരുപ്പും തോര്‍ത്ത് മുണ്ടും കണ്ടെത്തിയിരുന്നു.

ഇതോടെ പുഴയില്‍ വീണതാകുമെന്ന സംശയത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.