ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമരികിലേക്ക് ഒരിക്കൽ കൂടി, ചിരിച്ച മുഖത്തോടെയല്ല, മരവിച്ച ശരീരവുമായി; ദുബെെയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


കൊയിലാണ്ടി: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിലേക്ക് ലത്തീഫ് നാളെ വീണ്ടുമെത്തും. മിഠായികളുമായി എല്ലാവരെയും കണ്ട് സന്തോഷം പങ്കിടാനല്ല, കണ്ണീരണിഞ്ഞവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ. ദുബെെയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി വാണികപീടികയില്‍ ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം മാടാക്കര ജുമാ മസ്ജിദിൽ ഖബറടക്കും. മാടാക്കര മദ്റസയിലും പൊതുദർശനത്തിന് ശേഷം രാവിലെ 8.30 ഓടെ ഖബറടക്കം നടക്കുമെന്ന് ബന്ധു ജെറീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ജൂലെെ മൂന്നാം തീയ്യതി രാവിലെ ഷാര്‍ജയിലെ സജയില്‍ ഉണ്ടായ അപകടത്തിലാണ് ലത്തിഫും മലയാളിയായ മറ്റൊരു സുഹൃത്തും മരണപ്പെടുന്നത്. ഇവർ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പേപ്പറുകൾ ശരിയാകാത്തതിനാൽ അവസാനമായി ലത്തീഫിനെ കാണാൻ സാധിക്കുമോയെന്ന അശങ്കയിലായിരുന്നു ബന്ധുക്കൾ. ഇന്നും നാളെയും ദുബെെയിൽ പൊതു അവധിയായതാണ് പ്രതിസന്ധിക്ക് കാരണമായത്.

വിവരമറിഞ്ഞതിനെ തുടർന്ന് കെ.എം.സി.സിയും അഷ്റഫ് താമരശ്ശേരിയും ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയത്. പ്രശ്നത്തിൽ ഇടപെട്ട എല്ലാവരോടും കടപ്പാട് അറിയിക്കുന്നതായും കുടുംബം പറഞ്ഞു.

വർഷങ്ങളായി വിദേശത്താണ് ലത്തീഫ്. മകളുടെ വിവാഹത്തിന് ശേഷം വിസിറ്റിംഗ് വിസയിൽ വീണ്ടും പോയതാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Summary: The body of Latif, a resident of Chengottukav, who died in a car accident in Dubai, will be brought home tomorrow