വ്യാപാരിയെ വിളിച്ചു വരുത്തി കൊള്ളയടിച്ചു ; തലശ്ശേരിയിൽ ഹണി ട്രാപ്പ് നടത്തിയ പത്തൊൻപതുകാരിയടക്കം നാലുപേർ അറസ്റ്റിൽ


തലശ്ശേരി; ഹണിട്രാപ്പില്‍ നാല് അംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. തലശേരി നഗരത്തിലേക്ക് കണ്ണൂര്‍ പുതിയതെരു ചിറക്കലിലെ വ്യാപാരിയെ സ്ത്രീകളുടെ ശബ്ദത്തില്‍ ഫോണ്‍ ചെയ്തുവിളിച്ചുവരുത്തി കൊളളയടിച്ച സംഘത്തെയാണ് പൊലിസ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം. സംഘത്തിലെ യുവതി 56-കാരനായ വ്യാപാരിയോട് കാറുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാറില്‍ സഞ്ചരിക്കുന്നതിനിടെ മൂന്നംഗ സംഘവും കയറുകയുമായിരുന്നു. ഇതിനിടെ വ്യാപാരിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു. കാറില്‍ നിന്ന് തന്നെ സംഘം വ്യാപാരിയെ കൊണ്ടു ചില മുദ്രപത്രങ്ങള്‍ ഒപ്പിടീക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. വ്യാപാരിയുടെ പരാതിയിലാണ് തലശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ഇതിനെ തുടര്‍ന്നാണ് ദമ്പതികളടക്കം നാല് പേരെ തലശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ന്യൂ മാഹി സ്റ്റേഷന്‍ പരിധിയില്‍ വച്ച് കാര്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പിന്നീട് പിടിച്ചെടുത്തു. തലശേരി ലോട്ടസ് തീയേറ്ററിനു സമീപത്ത് താമസിക്കുന്ന നടമ്മല്‍ വീട്ടില്‍ ജിതിന്‍ (25) ഇയാളുടെ ഭാര്യ മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസില്‍ അശ്വതി (19) പാനൂര്‍ മുത്താറിപ്പീടിക കണ്ണച്ചാങ്കണ്ടി വീട്ടില്‍ കെ.പി ഷഫ്നാസ് (29) കതിരൂര്‍ വേറ്റുമ്മല്‍ ഹൗസില്‍ കെ.സുബൈര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ഇതിന് സമാനമായി നടന്ന ഹണിട്രാപ്പ് സംഭവങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.