‘മതി ടീച്ചറേ… പോരാ ഇത് മുഴുവന്‍ കഴിക്കണം’; പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് അധ്യാപിക, വൈറലായി കാരയാട് യു.പി സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങള്‍ (വീഡിയോ കാണാം)
മേപ്പയ്യൂർ: പരിക്കേറ്റതിനെ തുടർന്ന് കെെക്ക് പ്ലാസ്റ്ററിട്ട വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുക്കുന്ന ടീച്ചറുടെ ദൃശ്യങ്ങൾ വെെറലാവുന്നു. കാരയാട് യു.പി സ്കൂളിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. ടീച്ചർ വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
സ്കൂളിലെ റസീന ടീച്ചറാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവതേജിന് ഭക്ഷണം നൽകുന്നത്. കെെ പൊട്ടി പ്ലാസ്റ്ററിട്ടതിനാൽ കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാ കഴിയില്ലെന്ന് മനസിലാക്കി ടീച്ചർ മുന്നോട്ട് വരികയായിരുന്നു.
കയ്യിന്റെ എല്ല് പൊട്ടിയതിനെ തുടർന്നാണ് നവതേജിന്റെ വലതുകെെക്ക് പ്ലാസ്റ്ററിട്ടത്. പിന്നീട് കുട്ടി സ്കൂളിലേക്ക് വന്നിരുന്നില്ല. തുടർച്ചയായി അവധിയാകുന്നത് ശ്രദ്ധയിൽപ്പെട്ട് അധ്യാപകർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടു. കുട്ടിയെ സ്കൂളിലേക്ക് അയക്കാനും വിദ്യാർത്ഥിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും അധ്യാപകർ ഉറപ്പുനൽകി. ഭക്ഷണ കാര്യം ടീച്ചർ സ്വയം ഏറ്റെടുക്കുകയായിരുന്നുവെെന്ന് സഹഅധ്യാപകർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ആദ്യം മറ്റൊരു റൂമിലിരുത്തിയാണ് ഭക്ഷണം നൽകിയത്. പിന്നീട് ക്ലാസിലിരുത്തി നൽകുകയായിരുന്നു. ട്രെയിനിംഗിനെത്തിയ ടീച്ചറുടെ ഫോൺ വാങ്ങി ക്ലാസിലെ ഒരു വിദ്യാർത്ഥി ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ പകർത്തുകയായിരുന്നുവന്നും അധ്യാപകർ പറഞ്ഞു.
സ്കൂളിലെ ഉറുദു, മലയാളം അധ്യാപികയാണ് റസിന 2014 മുതൽ കാരയാട് യു.പി സ്കൂളിലുണ്ട്. പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശിനിയാണ്.