വഴിയോര വിശ്രമകേന്ദ്രമൊരുക്കിയത് ആരും വഴിപോകാത്ത മേല്‍പ്പാലത്തിനരികില്‍; മാലിന്യങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഇടമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക്
ചെങ്ങോട്ടുകാവ്: വര്‍ഷങ്ങളായി ആരും വഴി പോകാത്ത ഇടത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വഴിയോര വിശ്രമമുണ്ടാക്കിയത് ഇപ്പോള്‍ മാലിന്യങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഇടമായിമ മാറി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലാണ് ഈ അവസ്ഥ. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പരിസരവുമാണ് മാലിന്യങ്ങള്‍ കൂട്ടിയിടുന്ന ഇടമായി മാറിയിരിക്കുന്നത്.
പത്തുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രം റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ്. ചെങ്ങോട്ടുകാവ് ടൗണില്‍ നിന്നും 250 മീറ്റര്‍ അകലെയാണിത്. നേരത്തെയുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് അടച്ചശേഷം ആരും ഈ ഭാഗത്തുകൂടെ യാത്ര ചെയ്യാറില്ല. ആളുകള്‍ യാത്ര ചെയ്യാതായതോടെ പരിസരം കാടുമൂടി സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ ചാക്കുകണക്കിന് മാലിന്യങ്ങളും കുന്നുകൂടിയിരിക്കുകയാണ്.
പണി പൂര്‍ത്തിയായി ഇതുവരെയായിട്ടും വഴിയോര വിശ്രമകേന്ദ്രം തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടാക്കിയ കെട്ടിടം വെറുതെ കാടുമൂടി പാഴായി പോകുന്ന സ്ഥിതിയാണിപ്പോള്‍.