തിക്കോടിയുടെ സഖാവ്, ജനകീയനായ കമ്യൂണിസ്റ്റ് നേതാവ്; മേലടി ബ്ലോക്ക് പഞ്ചായത്തിനെ ഇനി സുരേഷ് ചങ്ങാടത്ത് നയിക്കും, ഇത് അർഹതയ്ക്കുള്ള അംഗീകാരം


പയ്യോളി: പഠനകാലത്ത് തന്നെ തുടങ്ങിയതാണ് പാർട്ടിയോടുള്ള സ്നേഹവും നാടിനെ സേവിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും… വളർന്നപ്പോഴും അതിനൊട്ടും കുറവ് വന്നില്ല. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിക്കേണ്ടി വന്നപ്പോഴും മനസ്സിലെ ചുവപ്പ് നിറം കൂടുതൽ കടുത്തതേയുള്ളു. ഒടുവിൽ തന്റെ ആത്മാർത്ഥമായ പ്രവർത്തനത്തിന് അർഹിച്ച ആദരവ് തേടിയെത്തിരിക്കുകയാണ് സുരേഷ് ചങ്ങാടത്തിനെ. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിക്കോടി ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് സുരേഷ് ചങ്ങാടത്ത്. കർഷക സംഘം പയ്യോളി ഏരിയാ സെകട്ടറിയും ജില്ലാകമ്മറ്റി അംഗവുമാണ്. എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സുരേഷ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. അന്ന് മുതൽ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആവേശത്തോടെ മുൻപിലുണ്ടാകുന്ന പ്രവർത്തകനായി. ആ സമയത്ത് ഒരു പ്രക്ഷോഭകാരിയായാണ് സുരേഷ് അറിയപ്പെട്ടിരുന്നത്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനിടെ ദീർഘകാലം എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയായും ജില്ലാ ജോയിന്റ് സെകട്ടറിയായും ചുമതലകൾ വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗമായും യുവജന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. പാർട്ടിക്ക് വേണ്ടി നിരവധി തവണ ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം തന്റെ പ്രവർത്തനങ്ങൾക്കുള്ള ആവേശം കൂടി വന്നതേയുള്ളു.

സുരേഷിന് പൂർണ്ണ പിന്തുണയുമായി കുടുംബം മുഴുവൻ ഒപ്പം തന്നെയുണ്ട്. എല്ലാവരും പാർട്ടിയുടെ സജീവ പ്രവർത്തകർ. ഭാര്യ ടി.ഷീബ സി.പി.എം പയ്യോളി ഏരിയാ കമ്മറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. ഏക മകൻ സരോദ് ബാലസംഘം സംസ്ഥാന സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവുമാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രസിഡണ്ടുമാരെ തിരഞ്ഞെടുക്കപ്പെടുന്ന ഘട്ടത്തിൽ സുരേഷ് ചങ്ങാടത്ത് പ്രസിഡണ്ടാവും എന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ പാർട്ടി മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടുകൂടിയായ കെ.പി.ഗോപാലൻ നായരെയാണ് പ്രസിഡണ്ടായി തീരുമാനിച്ചത്. തുടർന്ന് സുരേഷ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ചെയർമാനായി ചുമതല നിർവ്വഹിച്ചു വരികയായിരുന്നു. എന്നാൽ കെ.പി.ഗോപാലന്‍ നായര്‍ പാർട്ടിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങൾ കാരണം ജൂൺ പത്തിന് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടിവന്നത്.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കാലത്ത് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് സുരേഷ് തിരഞ്ഞെടുക്കപ്പെട്ടത്.