എംപ്ലോയബിലിറ്റി സെന്ററിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

ഞാറ്റുവേലയോടനുബന്ധിച്ച് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ആരംഭിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ, പച്ചക്കറിതൈകൾ എന്നിവ മിതമായ നിരക്കിൽ ചന്തയിൽ ലഭിക്കും.
ഞാറ്റുവേലചന്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

അങ്കണവാടികളിൽ തേനൂറും; കുട്ടികൾക്ക് ‘തേൻ കണം’ പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്

കുട്ടികളുടെ മാനസിക വളർച്ചക്കൊപ്പം, പോഷകാഹാരവും ലക്ഷ്യമിട്ട് കൊടിയത്തൂരിലെ അങ്കണവാടികളിൽ ഇനി തേനൊഴുകും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പാണ് ‘തേൻ കണം’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വ, വെള്ളി ദിവസങ്ങളിൽ തേൻ വിതരണം നടത്തും. ഒരു കുട്ടിക്ക് ആറ് തുള്ളി എന്ന കണക്കിലാണ് നൽകുക.

അങ്കണവാടികളിൽ കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിന് പുറമെയാണ് തേനും നൽകുന്നത്. ഹോർട്ടികോർപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പഞ്ചായത്ത് ‘തേൻ കണം’ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്നും പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വതി ഹർഷൻ പദ്ധതി വിശദീകരിച്ചു.

പഴയ പഞ്ചായത്ത് ഓഫീസിന് സമീപം സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ മികച്ചയിനം ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ എന്നിവയുടെ വിൽപ്പന നടന്നു. തുടർച്ചയായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജൂലായ് ഒന്നിന് രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫറൺസ് ഹാളിൽ പഞ്ചായത്തുതല കർഷ സഭ ചേരും.

പഞ്ചായത്തംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റുമാരായ ദൃശ്യ സ്വാഗതവും സോന നന്ദിയും പറഞ്ഞു.

ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ബഷീർ ഫെസ്റ്റ് മുൻ കേരള സാംസ്കാരിക വകുപ്പു മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. കുട്ടികളുടെ ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഫുഡ് ഫെസ്റ്റിവൽ, ഗസൽ രാവ്, മ്യൂസിക്കൽ നെറ്റ്, മാജിക് ഷോ, നാടകം, സാഹിത്യ ക്യാമ്പ്, ഖവാലി, പൂതപ്പാട്ട്, സെമിനാറുകൾ, ചലച്ചിത്രോത്സവം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ മരത്തിനു കീഴിൽ ഒത്തു ചേരലുകൾ സംഘടിപ്പിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ കഥാപാത്രങ്ങളായി ഇവിടം സന്ദർശിക്കാനും അവസരമൊരുക്കും.

വൈക്കം മുഹമ്മദ് ബഷീർ സ്മാരക നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന്

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ബേപ്പൂരിന്റെ മണ്ണില്‍ അദ്ദേഹത്തിനായി വിപുലമായ സ്മാരകം ഒരുങ്ങുന്നു. സ്മാരകത്തിന്റെ നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

മലയാളികളുടെ ഏറെക്കാലത്തെ സ്വപ്‌നമായ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 7.37 കോടി രൂപ മുതല്‍ മുടക്കില്‍ (ഒന്നാം ഘട്ടം) ബേപ്പൂരിലെ ബി.സി റോഡില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് നിർമിക്കുന്നത്. അക്ഷരത്തോട്ടം, കമ്മ്യൂണിറ്റി ഹാള്‍, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകള്‍ തുടങ്ങി അനേകം പ്രത്യേകതകളോടെയാണ് ബഷീര്‍ സ്മാരകം ഒരുങ്ങുക. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലെ വിവിധ തസ്തികകളിലേക്ക് കരാര്‍/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2374990.

അപേക്ഷ ക്ഷണിച്ചു

‌കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എൻജിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇ- ഡിസ്ട്രിക്ട് പദ്ധതിയില്‍ രണ്ട് എച്ച്.എസ്.ഇമാരുടെയും ഇ- ഓഫീസ് പദ്ധതിയില്‍ ഒരു എച്ച്.എസ്.ഇയുടെയും ഒഴിവാണുള്ളത്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. കൊയിലാണ്ടി, വടകര താലൂക്കുകളിലെ താമസക്കാര്‍ക്ക് മുന്‍ഗണന.

ഇ- ഓഫീസ് പദ്ധതിയിലേക്കുള്ള എച്ച്.എസ്.ഇമാര്‍ക്ക് വേണ്ട യോഗ്യത: ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)/ എം.സി.എ/ എംഎസ്.സി (കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്), സിസ്റ്റം എൻജിനീയര്‍/ നെറ്റ് വര്‍ക് എൻജിനീയര്‍ തസ്തികയില്‍ ഏതെങ്കിലും ഇ- ഗവേണന്‍സ് പദ്ധതിയിലോ മറ്റേതെങ്കിലും ഗവ. പദ്ധതിയിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 35 നും മധ്യേ.

ഇ- ഡിസ്ട്രിക്ട് പദ്ധതിയില്‍ വരുന്ന എച്ച്.എസ്.ഇമാരുടെ യോഗ്യത: ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഹാര്‍ട്ട് വെയര്‍ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടര്‍ ടെക്‌നോളജി/ ഐ.ടി. ഐടി മേഖലയിലെ പ്രവര്‍ത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി 21 നും 27 നും മദ്ധ്യേ.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് -2 എന്ന വിലാസത്തില്‍ ജൂലൈ 15 വൈകീട്ട് അഞ്ചിനകം ലഭിക്കുന്ന വിധത്തില്‍ അയക്കണം. കവറിന് പുറത്ത് എച്ച്.എസ്.ഇ തസ്തികയിലേക്കുളള അപേക്ഷ എന്നു പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍: 495 2964775, 2304775, 9495638111.

തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി നൽകുന്നു

ക്ഷീര വികസന വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ 20 സെന്റിനു മുകളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് സബ്‌സിഡി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഫോൺ: 0495- 2371254.

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ഫോണ്‍: 0495- 2370176

ഹിന്ദി അധ്യാപക കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം

കേരള ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് 2022- 24 ബാച്ചിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി: 17നും 35നും മധ്യേ. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ്, പ്രായപരിധി എന്നിവയിൽ ഇളവ് ഉണ്ടായിരിക്കും. ജൂലൈ 20 നകം രജിസ്‌ട്രേഷന്‍ നടത്തണം. ഫോൺ: 04734296496, 8547126028.

പ്രവേശനം ആരംഭിച്ചു

ടൂറിസം മന്ത്രാലയത്തിനു കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ – ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്കുള്ള 25% സീറ്റുകളിലേക്കാണ് അഡ്മിഷന്‍. പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധം. പ്രായപരിധി: 25 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 28 വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷ ജൂലൈ 20 ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: 0495- 2385861, 8943573243, www.sihmkerala.com.

യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു

വടക്കഞ്ചേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. ഓഫ് ലൈന്‍ ആന്‍ഡ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്നു. താത്പര്യുള്ളവര്‍ ജൂലൈ ഒന്നിനകം കോളേജ് ഓഫീസില്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോൺ: 9495069307, 8547005042, 0491255061.

ഐ.എച്ച്.ആര്‍.ഡി. ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി. 2022 മാര്‍ച്ചില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും www.ihrd.ac.in ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ 12 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 14 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ജൂലൈ 2022-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ജൂലൈ 25 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി 27 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.

‘സഹായഹസ്തം’: അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ പദ്ധതി പ്രകാരം 2022- 23 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയില്‍ പത്ത് പേര്‍ക്കാണ് സഹായം അനുവദിക്കുക. വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ. അപേക്ഷിക്കേണ്ട വിധം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തിയതി: സെപ്റ്റംബര്‍ 30. ഫോണ്‍: 0495- 2370750.

വിദ്യാതീരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വിദ്യാതീരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് ഫിഷറീസ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 14നകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം. ഈ പദ്ധതി മുഖേന നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍: 0495- 2383780.

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലെ 41 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒരു മുട്ടയ്ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ പ്രതിദിന വില പരമാവധി ആറ് രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്. ഫോണ്‍: 0495- 2211525, 7736769633.

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് പഞ്ചായത്തിനു കീഴിലെ 29 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒരു മുട്ടയ്ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പടെ പ്രതിദിന വില പരമാവധി ആറ് രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്.
ഫോണ്‍: 0495- 2211525, 6282436854.

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന താമരശ്ശേരി പഞ്ചായത്തിനു കീഴിലെ 32 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്. ഫോണ്‍: 0495- 2211525.

ടെൻഡർ ക്ഷണിച്ചു

‌വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന മടവൂര്‍ പഞ്ചായത്തിനു കീഴലെ 27 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്. ഫോണ്‍: 0495- 2211525.

 

സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

ഉദ്യോഗാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി കോഴിക്കോട് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. 30 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. തുടർന്ന് കലക്ടര്‍ ഉദ്യോഗാര്‍ത്ഥികളുമായി  സംവദിച്ചു.

എംപ്ലോയ്മെന്റ് ഓഫീസിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിരുദ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുക. വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരുടെ സേവനം പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. മലബാർ ക്രിസ്ത്യൻ കോളജിന് സമീപം പ്രവർത്തിക്കുന്ന  സ്ഥാപനത്തിലാണ് പരിശീലനം നൽകുന്നത്.

സിവിൽ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന പരിപാടിയില്‍ റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി. രമ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി. വിനോദ് കുമാര്‍, ഇന്‍സ്ട്രക്ടര്‍ രേഖമോള്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍ സ്വാഗതവും ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി. ദിവ്യ നന്ദിയും പറഞ്ഞു.

പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന്

പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖാ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിക്കും. ജൂലൈ രണ്ടിന് നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാവും. ഈസ്റ്റ്ഹിൽ ബംഗ്ലാവിൽ പ്രവർത്തിച്ചു വരുന്ന പഴശ്ശിരാജ മ്യൂസിയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്.

ബ്രിട്ടീഷ് മലബാറിലെ കലക്ടർമാരുടെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടത്തിൽ 1976 ലാണ് കേരള പുരാവസ്തു വകുപ്പ് മ്യൂസിയം സജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങൾ മുതൽ കോളനീകരണ സന്ദർഭത്തിലെ സാംസ്കാരിക വസ്തുക്കൾവരെ ഉൾക്കൊള്ളുന്ന മ്യൂസിയമാണിത്.

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി.); ജൂലായ് 7 വരെ അപേക്ഷിക്കാം

ഡി.സി.ഐ.പി. – ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം – 2022 ജൂലായ് – ഒക്ടോബർ ബാച്ചിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അവസരം ലഭിക്കുന്നത് വഴി കൂടുതൽ വിശാലവും കരുണാർദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാർത്തെടുക്കാൻ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷൻ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട് സ്കോളർഷിപ്, ക്യാമ്പ്‌സെസ് ഓഫ്  കോഴിക്കോട്, ഉദയം, എനാബിളിങ് കോഴിക്കോട് , ക്രാഡിൽ, നമ്മുടെ കോഴിക്കോട്, ഉയരാം ഒന്നിച്ചു, ഹാപ്പി ഹിൽ, കാർബൺ ന്യൂട്രൽ കോഴിക്കോട്, എഡ്യൂ മിഷൻ, ഒപ്പം തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികളിൽ  ഇന്റേൺസിന്റെ ഇടപെടലുകൾ അത്യധികം പ്രശംസ അർഹിക്കുന്നതായിരുന്നു. നിപ്പ  പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിലുമെല്ലാം നിർണ്ണായക പങ്കാണ്‌ ഡി.സി.ഐ.പി. ഇന്റേർൺസ് വഹിക്കുന്നത്.

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുകയാണ്‌ വേണ്ടത്. നാല്‌ മാസമാകും ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്‌. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും.

വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്ന നമ്പറുകളിൽ വിളിക്കുകയോ [email protected] എന്ന ഇ മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.