ഓടി നടന്നുള്ള വാര്‍ത്താ ശേഖരണം, സമഗ്രമായ റിപ്പോട്ടിംഗ്; കൊയിലാണ്ടി ഉപജില്ലാ കലോത്സവ വിശേഷങ്ങള്‍ അനുനിമിഷം കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിന്‍റെ വായനക്കാരിലേക്കെത്തിച്ച് മീഡിയാ ക്ലബ്ബ് വിദ്യാര്‍ത്ഥിനികള്‍
സ്വന്തം ലേഖകൻ
കൊയിലാണ്ടി: നാല് ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന്റെ പൊലിമ ഒട്ടും ചോരാതെ വായനക്കാരിലേക്കെത്തിച്ച സന്തോഷത്തിലാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിലെ മീഡിയ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍. കൊയിലാണ്ടിന്യൂസ് ഡോട്ട് കോമും മീഡിയ ക്ലബ്ബും ഒന്നിച്ച് ചേര്‍ന്നാണ് ഇത്തവണത്തെ ഉപജില്ലാ കലോത്സവം സമഗ്രമായി റിപ്പോര്‍ട്ട് ചെയ്തത്.
വേദികളിലും കലവറയിലും കമ്മിറ്റി മുറികളിലും ഓടി നടന്ന് വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും വലിയ ഉത്സാഹമാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. മത്സരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പുറമെ കലോത്സവ നഗരിയിലും ചുറ്റുവട്ടത്തുമുള്ള കൗതുകകരവും വ്യത്യസ്തവുമായ കാര്യങ്ങളും മീഡിയ ക്ലബ് അംഗങ്ങള്‍ വായനക്കാരിലേക്കെത്തിച്ചു. മത്സരത്തിന്റെ പോയിന്റു നില ആവേശം ഒട്ടും ചോരാതെ കൃത്യമായ ഇടവേളകളില്‍ പ്രസിദ്ധീകരിക്കാനും സാധിച്ചു.
എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി അംഗങ്ങള്‍ നടത്തുന്ന സേവനങ്ങളും വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചു.
പ്ലസ് ടു ഹ്യൂമനിറ്റീസ് ജേണലിസം വിഭാഗത്തിലെ മീഡിയ ക്ലബ് അംഗങ്ങളായ പത്തോളം വിദ്യാര്‍ഥികളാണ് കൊയിലാണ്ടിന്യൂസ് ഡോട്ട് കോമുമായി സഹകരിച്ചത്. മീഡിയക്ലബ് ചുമതലയുള്ള അധ്യാപകന്‍ സാജിദ് അഹമ്മദ് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി.