വിദ്യാർത്ഥികളെ, നിങ്ങളെ ബസ്സിൽ കയറ്റുന്നില്ലേ? ഇനി ഉടൻ തന്നെ പരാതി വാട്സാപ്പിൽ അയക്കാം


കോഴിക്കോട്: ബസ്സിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങി ബസ്സിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെന്താണെങ്കിലും പരിഹാരമൊരുക്കിയിരിക്കുകയാണ്. പ്രശ്നമുണ്ടായാൽ ഉടൻ തന്നെ വാട്സാപ്പിലൂടെ പരാതി നൽകാം.

ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഇത് തടയാനാണ് കർശനമായ നടപടികളുമായി മോട്ടോർ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലുള്ളവർക്ക് പരാതി നൽകാവുന്ന നമ്പർ: 9188961011