‘പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും’; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു


കോഴിക്കോട്: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

തെരഞ്ഞെടുപ്പ് സുരക്ഷാവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ വിവിധ പ്രശ്നബാധിത ബൂത്തുകളെ തരംതിരിച്ചുകൊണ്ട് പോലീസ് തയ്യാറാക്കിയ പട്ടിക യോഗം പരിശോധിച്ചു. തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാര്‍, ഡിസിപി അനൂജ് പലിവാള്‍, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍ എന്നിവരും പങ്കെടുത്തു.