2007ലെ പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ മുറ്റത്ത് നട്ട മരം, ഇന്ന് പടര്‍ന്ന് പന്തലിച്ച് കുളിര് പകരുന്നു- കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായ ഇത്തിമരത്തിന്റെ കഥയറിയാം


കൊയിലാണ്ടി: 2007ലെ പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ മുറ്റത്ത് നട്ട മരം, ഇന്ന് പടര്‍ന്ന് പന്തലിച്ച് സ്‌കൂളിലെത്തുന്ന ഏവര്‍ക്കും കുളിരുകയാണ്. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് കടക്കുമ്പോള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന ആ ഇത്തിമരത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്.

ഇന്ന് മറ്റൊരു പരിസ്ഥിതി ദിനം ആചരിക്കുകയാണ് നമ്മള്‍. ഈ സ്‌കൂളും അതിന്റെ ഭാഗമാകുമ്പോള്‍ തീര്‍ച്ചയായും ഈ അത്തിമരം സ്‌കൂളിനും വിദ്യാര്‍ഥികള്‍ക്കും അഭിമാനമാകുകയാണ്.

ഹൈസ്‌കൂള്‍ ബ്‌ളോക്കിന്റെ മുന്നിലാണ് അത്തിമരം. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അധ്യാപിക ഷീബയാണ് ഈ മരം നട്ടത്. നിറഞ്ഞ ഇലകള്‍ക്കൊപ്പം തൂങ്ങിനില്‍ക്കുന്ന വേരുകളും അത്തമരത്തെ ഏവരുടേയും ശ്രദ്ധാകേന്ദ്രമാക്കുന്നു.

നേരത്തെ ഈ ഇത്തിമരത്തിന് ചുറ്റും ഇന്ന് കാണുന്ന നിലയില്‍ തറയുണ്ടായിരുന്നില്ല. 2016-ലെ തിരഞ്ഞെടപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ അന്നത്തെ തഹസില്‍ദാര്‍ പി.പ്രേമന്‍ നേതൃത്വത്തില്‍ ചപ്പ് ചവറുകള്‍ നീക്കം ചെയ്ത് ഇത്തിമരത്തിന് തറ കെട്ടി സംരക്ഷണവും ഒരുക്കി. ടൈല്‍ വിരിച്ച് ആളുകള്‍ക്ക് ഇരിപ്പിടമായി മാറ്റി. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അത്തി പടര്‍ന്ന് പന്തലിച്ച മട്ടിലായി.

2007ലെ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായിട്ട് 150ഓളം മരങ്ങള്‍ സ്‌കൂളിന്റെ പരിസരത്തായി നട്ടുപിടിപ്പിച്ചിരുന്നു. അതില്‍ ചുരുക്കം ചില മരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. മരം വളര്‍ന്ന് വലുതായതോടെ തറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.