‘കുട്ടികളെ കാണുന്നത് തന്നെ സന്തോഷമാ, പിന്നെ ഇതെന്റെ നാടല്ലേ’; എഴുപത്തി രണ്ടാം വയസ്സിലും കൊയിലാണ്ടി സ്റ്റേഡിയത്തിലെ എല്ലാ പരിപാടികൾക്കും ഓടിയെത്തി സഹായങ്ങൾ നൽകുന്ന ശ്രീനിവാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു


കൊയിലാണ്ടി: ‘ഗ്രൗണ്ട് ക്ലീന്‍ ആണെങ്കിലേ കളി നന്നാവൂ, എന്റെ സിദ്ധാന്തം അതാണ്.’, കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സബ്ജില്ലാ കായികമേളയുടെ ആരവങ്ങള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും ഇടയില്‍ ഒച്ച ഉയര്‍ത്തി ശ്രീനിയേട്ടന്‍ സംസാരിച്ച് തുടങ്ങി.

കൊയിലാണ്ടിക്കാര്‍ക്ക് പരിചിതനാണ് ശ്രീനിയേട്ടന്‍ എന്ന ശ്രീനിവാസന്‍. ഫുട്‌ബോള്‍ മത്സരമോ കായികമേളയോ എന്തുമാവട്ടെ, കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പരിപാടിയുണ്ടെങ്കില്‍ ശ്രീനിയേട്ടന്‍ അവിടെയുണ്ടാവും. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ കാണിയായും സഹായിയായും തുടരും. അവസാനം ആരവം ഒഴിഞ്ഞ് ബാക്കിയായ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുക കൂടെ ചെയ്തിട്ടേ ശ്രീനിയേട്ടന്‍ വീട്ടിലേക്ക് മടങ്ങൂ. വര്‍ഷങ്ങളായി യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ശ്രീനിയേട്ടന്റെ ഈ സേവനം.

തന്റെ ആറാം വയസുമുതല്‍ കാണുന്ന ഗ്രൗണ്ടാണിത്. താന്‍ ഓടിയതും കളിച്ചതുമെല്ലാം ഈ ഗ്രൗണ്ടിലാണ്. ആ ഒരു ബന്ധമാണ് 74-ാം വയസിലും ശാരീരിക അവശതകള്‍ക്ക് നടുവിലും ഗ്രൗണ്ടിലെത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് ശ്രീനിയേട്ടന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സമാപിച്ച സബ്ജില്ലാ കായികമേളയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം സജീവമായിരുന്നു. ഗ്രൗണ്ടില്‍ ട്രാക്ക് വരയ്ക്കുന്നതിനും, പിറ്റ് ഒരുക്കുന്നതിലും ഒപ്പമുണ്ടായിരുന്നത് ശ്രീനിയേട്ടനാണ്. മത്സരം അവസാനിച്ച ട്രാക്കുകള്‍ വെള്ളമൊഴിച്ച് മായ്ച്ച് കളയാനും മറ്റാവശ്യങ്ങള്‍ക്കുമായി ഇന്നലെ ശ്രീനിയേട്ടന്‍ ഗ്രൗണ്ടില്‍ ഓടിനടക്കുന്നത് കാണാമായിരുന്നു.

സ്‌പോര്‍ടിനോട് ഇത്രയൊക്കെ താല്‍പര്യമുണ്ടായിട്ടും തനിക്ക് ഉയരാന്‍ കഴിയാതിരുന്നത് വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണെന്ന് ശ്രീനിയേട്ടന്‍ പറയുന്നു. ‘എനിക്ക് പഠിപ്പ് കുറവാണ്. അഞ്ചാം ക്ലാസ് വരെയേ പോയിട്ടുള്ളൂ. അതുകൊണ്ട് ഇംഗ്ലീഷ് ഒന്നും വായിക്കാനോ മനസ്സിലാക്കാനോ പറ്റില്ല. അതോണ്ട് മറ്റു തരത്തില്‍ ഇടപെടാനൊന്നും എനിക്ക് പറ്റാറില്ല. പക്ഷേ എനിക്ക് സഹായിക്കാനറിയാം. അത് ഞാന്‍ ഇനിയും ചെയ്യും’

അസ്സല്‍ ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് ശ്രീനിയേട്ടന്‍. ലീഗ് ഫുട്‌ബോളിലും എ.കെ.ജി. ഫുട്‌ബോളിലും നിരവധി തവണ കളിച്ചിട്ടുണ്ട്. നാഗ്ജി ഫുട്‌ബോള്‍ ടീമിലേക്കായി തെരഞ്ഞെടുക്കപ്പെട്ട് അവസാന നിമിഷം മാറേണ്ടി വന്ന സങ്കടവും ശ്രീനിയേട്ടന്‍ പങ്കുവെക്കുന്നു. എ.കെ.ജി. ഫുട്‌ബോള്‍ മത്സരം ഉള്‍പ്പടെ കൊയിലാണ്ടിയിലെ നിരവധി മത്സരങ്ങളുടെ സംഘാടനം നിര്‍വഹിച്ച കഥകളും ശ്രീനിയേട്ടന് പറയാനുണ്ട്.

കാല്‍മുട്ടിന് തേയ്മാനം വന്നതോടെ ശ്രീനിയേട്ടന് ഫുട്‌ബോള്‍ കളിക്ക് വിരാമം ഇടേണ്ടി വന്നു. ഇപ്പോള്‍ വീട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് മാത്രമേ ഇറങ്ങാറുള്ളൂ. ഗ്രൗണ്ടിലെ പണി തീര്‍ന്നാല്‍ മറ്റെങ്ങും പോവാതെ വീട്ടിലേക്ക് തന്നെ മടങ്ങും.

കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ വന്നുപോയ വന്‍ താരങ്ങളെയും ശ്രീനിയേട്ടന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഉഷ സ്‌കൂളിന്റെ ആദ്യ സെലക്ഷന് വേണ്ടി പി.ടി. ഉഷ ഗ്രൗണ്ടിലെത്തിയ കഥ അദ്ദേഹം എടുത്ത് പറയുന്നു. ‘ഉഷ സ്‌കൂളിന്റെ ആദ്യ സെലക്ഷന്‍ ഇവിടെ വച്ചാണ് നടന്നത്. അന്ന് അവരൊക്കെ എത്തുമ്പോള്‍ രാത്രി ആയിരുന്നു. ഗ്രൗണ്ട് ഞാന്‍ ആയിരുന്നു ക്ലീന്‍ ചെയ്ത് കൊണ്ടിരുന്നത്. പി.ടി.ഉഷ എത്തിയപ്പോള്‍ അവരും ഞങ്ങളുടെ ഒപ്പം ഗ്രൗണ്ട് വൃത്തിയാക്കാനിറങ്ങി. അവരെപോലെ ഒരാള്‍ എന്റെ ഒപ്പം ഗ്രൗണ്ട് വൃത്തിയാക്കാന്‍ കൂടുക എന്ന് പറയുന്നത് അവരുടെ ഒരു വിശാലതയായിട്ടാണ് ഞാന്‍ കാണുന്നത്.’

കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് അത്രമേല്‍ പ്രിയപ്പെട്ടതാണെങ്കിലും സ്റ്റേഡിയത്തെക്കുറിച്ച് കാര്യമായ പരാതികളും ശ്രീനിയേട്ടനുണ്ട്. ഇരുട്ടായാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ് അതിനാൽ ഗ്രൗണ്ടിന്റെ നാല് മൂലയ്ക്കും ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. മഴ പെയ്താല്‍ ഗ്രൗണ്ടിന്റെ തെക്ക് ഭാഗത്ത് മുഴുവന്‍ വെള്ളം നിറയുമെന്നും ഗ്രൗണ്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറയുന്നു.

‘ഒരു മഴ പെയ്താല്‍ മതി, ഗ്രൗണ്ട് പിന്നെ ഉപയോഗിക്കാന്‍ പറ്റില്ല. തെക്ക് ഭാഗം മുഴുവന്‍ വെള്ളം നിറയും. ഡ്രൈനേജ് ഒക്കെയുണ്ട്, പക്ഷേ അത് ഗ്രൗണ്ടില്‍ നിന്ന് ഉയര്‍ന്നിട്ടായത്‌കൊണ്ട് വെള്ളം ഒഴുകിപ്പോവുന്നില്ല. മാത്രമല്ല, ഇവിടെ കളിക്കാന്‍ വരുന്നവര്‍ക്കും മത്സരത്തിന് വരുന്നവര്‍ക്കും വൃത്തിയാവാന്‍ ഒരു വാട്ടര്‍ ടാപ്പ് പോലും ഇവിടെയില്ല. വൃത്തിക്ക് പ്രാധാന്യമുള്ള കാലമാണല്ലോ, എന്നാല്‍ ഇവിടെ കാലും മുഖവും വൃത്തിയാക്കാന്‍ പോലും സൗകര്യമില്ല. കുട്ടികള്‍ അടുത്ത വീടുകളിലും കടകളിലുമൊക്കെ പോയാണ് കാര്യം നടത്തുന്നത്’ – അദ്ദേഹം പറഞ്ഞു.

കുട്ടികളെ കാണുമ്പോഴുള്ള സന്തോഷമാണ് ഇവിടത്തേക്ക് വരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഒന്നും പ്രതീക്ഷിക്കാതെയാണ് വരുന്നത്. യാത്രയ്ക്കുള്ള ചെലവ് മാത്രമേ ഉള്ളൂ. ​ഗ്രൗൺിൽ പോവുന്നതിന് മക്കളും കുടുംബവും പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

വസുമതിയാണ് ഭാര്യ. അനൂപ് (ആര്‍മ്മി), അഭിലാഷ് (സ്വകാര്യ സ്ഥാപനത്തില്‍ ജോലി) എന്നിവർ മക്കളാണ്. ഗ്രൗണ്ടിനടുത്തായിരുന്നു ഇപ്പോൾ അണേലയിലേക്ക് താമസം മാറി.

Summary: Sreenivasan talk his personala attchment about Koyilandy stadium