‘അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് എനിക്ക് ജാതിയും മതവും തരാതിരുന്നത്, വടകര ഭാഷ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു, എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരു ചെറിയ സിനിമയാണ് ഇത്’; ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് എന്ന ചിത്രത്തിലെ താരം നടുവണ്ണൂര്‍ സ്വദേശിനി അന്ന ഫാത്തിമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു


സ്വന്തം ലേഖകൻ

ജിയോ ബേബി സംവിധാനം ചെയ്ത് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അച്ചുവിനെ അവതരിപ്പിച്ചത് നടുവണ്ണൂരിനടുത്ത് കരുവണ്ണൂര്‍ സ്വദേശിനിയായ അന്ന ഫാത്തിമയാണ്.

സംവിധായകന്‍ സുരേഷ് അച്ചൂസിന്റെയും അഡ്വ. ജ്യോതിയുടെയും മകളാണ് അന്ന ഫാത്തിമ. അച്ഛന്‍ സുരേഷ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അന്ന ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെ 2015 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം അന്നയെ തേടിയെത്തി.

ജിയോ ബേബി തന്നെ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിലും അന്ന ഫാത്തിമ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്യാമറാ അസിസ്റ്റന്റ് കൂടിയായിരുന്നു ഈ പത്തൊന്‍പതുകാരി. 2015 ലെ സംസ്ഥാന പുരസ്‌കാരത്തിന് പുറമെ 2016 ല്‍ അമേരിക്കയിലെ ലൗവ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് യൂത്ത് ആക്ടറസ് അവാര്‍ഡും അന്ന ഫാത്തിമയ്ക്ക് ലഭിച്ചു.

പുതിയ ചിത്രമായ ശ്രീധന്യ കാറ്ററിങ്ങിന്റെ ഉള്‍പ്പെടെയുള്ള വിശേഷങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് നമ്മുടെ സ്വന്തം അന്ന ഫാത്തിമ.

  • പുതിയ ചിത്രമായ ശ്രീധന്യ കാറ്ററിങ് പുറത്തിറങ്ങിയിരിക്കുകയാണല്ലോ. ആദ്യ ദിവസം ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്താണ്?

ഞാന്‍ റിവ്യൂസെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വന്ന റിവ്യൂസ് എല്ലാം നല്ലതാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫാമിലി എന്റര്‍ടെയിനറാണ് ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ചെറിയൊരു സിനിമയാണെങ്കിലും വലിയ എഫര്‍ട്ടെടുത്താണ് ഇത് തിയേറ്ററിലെത്തിച്ചത്. എല്ലാവരും സിനിമ പോയി കാണണം.

  • ഈ ചിത്രത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

ജിയോ അങ്കിളിന്റെ രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ പ്രധാന കഥാപാത്രം ചെയ്തത് ഞാനായിരുന്നു. അതിന് എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ടായിരുന്നു. അതിന് മുമ്പ് തന്നെ അവരെയൊക്കെ എനിക്ക് അറിയാവുന്നതാണ്. ജിയോ അങ്കിളിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലും ഫ്രീഡം ഫൈറ്റിലും സിനിമറ്റോഗ്രാഫിയില്‍ ഞാന്‍ അസിസ്റ്റ് ചെയ്തിരുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ ചെറിയ വേഷവും ചെയ്തിരുന്നു. എല്ലാവരും അറിയുന്നവര്‍ തന്നെയായത് കൊണ്ട് സിനിമയില്‍ എത്തിപ്പെടാന്‍ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

  • ശ്രീധന്യ കാറ്ററിങ്ങിലെ അന്നയുടെ കഥാപാത്രത്തെ പറ്റി പറയാമോ?

മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തിന്റെ കഥാപാത്രത്തിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഞാന്‍ ചെയ്ത അച്ചു. വടകരക്കാരിയായ വ്‌ളോഗറും റൈഡറുമൊക്കെയാണ് അവള്‍. അത്രേ പറയുന്നുള്ളൂ. ബാക്കി അറിയാന്‍ സിനിമ കണ്ടാ മതി…!

  • സിനിമയില്‍ വ്‌ളോഗറാണല്ലോ. റിയല്‍ ലൈഫില്‍ ആളെങ്ങനെയാണ്?

ഫോട്ടോഗ്രാഫിയിലാണ് എനിക്ക് താല്‍പ്പര്യം. അച്ഛന്‍ ആഡ് ഫിലിം മേക്കറാണ്. ഇടയ്ക്ക് അച്ഛന്റെ കൂടെ പോയി സ്റ്റില്‍സ് എടുക്കാറുണ്ട്. വീഡിയോഗ്രാഫിയിലും താല്‍പ്പര്യമുണ്ട്. ഒഴിവുസമയത്ത് ഇതൊക്കെ ചെയ്യാറുണ്ട്. കോളേജിലെത്തി തിരക്കായപ്പൊ ഇതിനൊന്നും സമയം കിട്ടാറില്ല. സിനിമറ്റോഗ്രാഫി പ്രൊഫഷനായി എടുക്കാനാണ് എനിക്ക് താല്‍പ്പര്യം. പക്ഷേ എന്റെ വര്‍ക്കൊക്കെ ഞാന്‍ തന്നെ എടുത്ത് കാണാറാണ് പതിവ്, എവിടേം പോസ്റ്റ് ചെയ്യാറില്ല.

  • സിനിമയിലെ അച്ചു രാത്രിയിലൊക്കെ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയാണ്. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ പൊതുവേ അങ്ങനെയൊക്കെ പോകാന്‍ കഴിയാത്തവരാണ്. അന്നയുടെ അഭിപ്രായത്തില്‍ എന്തുകൊണ്ടാകും അത്?

ശരിയാണ്. ഒരു പരിധിവരെ നമ്മുടെ സൊസൈറ്റിയുടെ പ്രശ്‌നമാണ് അത്. ഇതുമായി ബന്ധപ്പെട്ട ഒരു ഇന്‍സിഡന്റ് പറയാം. എന്റെ ബര്‍ത്ത് ഡേയുടെ അന്ന് ഞാനും എന്റെ ഫ്രണ്ട്‌സും അനാമിക എന്ന വേറൊരു ഫ്രണ്ടിന്റെ വീട്ടില് പോകുകയായിരുന്നു. നാല് ബോയ്‌സും ഞാന്‍ ഒരു ഗേളുമാണ് പോകുന്നെ. ഞങ്ങള് രണ്ടാള് കാറില്‍ നിന്ന് ഇറങ്ങി. ബാക്കിയുള്ളവര്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഇറങ്ങാനിരിക്കുകയായിരുന്നു.

അതിലെ കുറച്ചാളുകള്‍ നടന്ന് പോകുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പൊ അവര് നിന്നു, ഞങ്ങളെ നോക്കി. എനിക്ക് അപ്പൊ തന്നെ നൈസായിട്ട് കാര്യം മനസിലായി, എന്തിനാ അവര് നോക്കുന്നതെന്ന്. രാത്രിസമയം, ഒരു പെണ്‍കുട്ടി, ഒരു ആണ്‍കുട്ടീന്റെ കൂടെ. അതിനെ പറ്റി സൊസൈറ്റിയുടെ ഒരു കണ്‍സപ്റ്റ് ഉണ്ടല്ലൊ. അവര് അവിടെ തന്നെ അനങ്ങാതെ നിക്കുകയായിരുന്നു.

ഞങ്ങള് നടന്നപ്പൊ അവര് ഞങ്ങടെ പുറകെ വന്നു. എന്നിട്ട് ചോദിച്ചു, ‘എങ്ങോട്ടേക്കാ?’ ഫ്രണ്ടിന്റെ വീട്ടിലേക്കാ എന്ന് പറഞ്ഞപ്പൊ ‘ഏത് ഫ്രണ്ട്?, എവിടുന്നാ വരുന്നെ?’ പിന്നെ വല്ലാത്തൊരു ചിരിയും നോട്ടവുമെല്ലാം. ഇതാണ് നമ്മുടെ സൊസൈറ്റിയുടെ പൊതുബോധം.

ഒരു പെണ്‍കുട്ടിക്ക് എത്രത്തോളം ഇതുപോലുള്ള ആഗ്രഹമുണ്ടേലും അതിനെ വളരാന്‍ അനുവദിക്കാത്ത സൊസൈറ്റിയാണ് നമ്മുടെത്. എന്റെ അച്ഛനുമമ്മയും അത്തരം കാര്യങ്ങളില്‍ എനിക്ക് വളരെ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ബോയ്, ഗേള്‍ എന്ന വ്യത്യാസമൊന്നും എനിക്ക് ഇല്ല. ഞാന്‍ ഇങ്ങനെ രാത്രി പോകുന്നതിലൊന്നും അവര്‍ക്കൊരു പ്രശ്‌നോം ഇല്ല.

പക്ഷേ പെണ്‍കുട്ടികളെ വലിയ നിയന്ത്രണങ്ങളോടെയാണ് പല വീട്ടുകാരും വളര്‍ത്തുന്നത്. ‘നീയൊരു വീട്ടിലേക്ക് കേറിച്ചെല്ലേണ്ടതാണ്’ എന്നൊക്കെ പറഞ്ഞ്. ഈ ഒരു കണ്‍സപ്റ്റ് ഉള്ളിടത്തോളം കാലം രാത്രി പുറത്തിറങ്ങുന്നതിനും മറ്റും വീട്ടില് സമ്മതിക്കാത്ത പ്രശ്‌നമുണ്ടാകും. ഇത് നമ്മുടെ ഇവിടെ മാത്രമല്ല, എല്ലായിടത്തും പെണ്‍കുട്ടികള്‍ക്കായി വേറെ ആള്‍ക്കാര് ഉണ്ടാക്കി വച്ച ഒരു സംഗതിയാണ്.

  • സിനിമയില്‍ വടകരക്കാരിയാണല്ലോ. വടകര ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ടിയോ?

ജിയോ അങ്കിള്‍ എന്നോട് പറഞ്ഞത് വടകരക്കാരിയായ ക്യാരക്ടറാണ് എന്ന് പറഞ്ഞിരുന്നു. വടകരക്കാരിയായ ഒരു ഫ്രണ്ടുണ്ട് എനിക്ക്. ഞാന്‍ അവളുടെ സംസാരം ശ്രദ്ധിക്കാന്‍ തുടങ്ങി. അമ്മയുടെ നാട് പേരാമ്പ്രയാണ്. അതുകൊണ്ട് അമ്മയ്ക്ക് അത്യാവശ്യം വടകര സ്ലാങ് കിട്ടും.


Also Read: കള്ളക്കേസില്‍ നിന്ന് ഒളിച്ചോടി ഗള്‍ഫിലേക്ക്; കൂട്ടുകാരുടെ യാത്രയപ്പില്ലാത്ത ആദ്യ യാത്രയുടെ ഓര്‍മ | സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ പി.കെ. അശോകന്‍ എഴുതുന്ന ഓർമ്മക്കുറിപ്പ് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ജിയോ അങ്കിള്‍ ഡയലോഗ് പറഞ്ഞ് തന്നിട്ട് ഇത് വടകര സ്ലാങ്ങിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ പറയും. അപ്പൊ ഞാനും അമ്മേം കൂടെ പറയും. അങ്ങനെയാണ് വടകര ഭാഷ ശരിയാക്കിയത്. വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു.

  • അന്നയുടെ പഠനം?

പ്ലസ് ടു വരെ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. ഇപ്പോള്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഡിഗ്രി സെക്കന്റ് ഇയറാണ്. ഇംഗ്ലീഷ് ലിറ്ററേച്ചറാണ്.

  • പുതിയ ചിത്രങ്ങള്‍?

അയ്യോ! തീരുമ്പൊ തീരുമ്പൊ സിനിമ ചെയ്യാന്‍ മാത്രം അത്ര വലിയ ആളല്ല ഞാന്‍. എന്നാല്‍ ഇനീം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കാരണം രണ്ട് പെണ്‍കുട്ടികളില്‍ എനിക്ക് അവാര്‍ഡ് കിട്ടിയ ശേഷം വലിയ ഗ്യാപ്പ് ആയിരുന്നു. പിന്നെ കുറേ കാലം ഒന്നും ചെയ്തിരുന്നില്ല. പിന്നെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ ലാസ്റ്റ് സീനില്‍ അഭിനയിച്ചു. അത് കഴിഞ്ഞ് ഇതിലാണ് അഭിനയിക്കുന്നത്. ഇതുവരെ നാല് സിനിമകളിലാണ് അഭിനയിച്ചത്.

  • അന്ന ഫാത്തിമ. എന്താണ് ഈ പേരിന് പിന്നിലെ കഥ? വായനക്കാര്‍ക്ക് അതറിയാന്‍ കൗതുകമുണ്ടാകും.

എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഇതേ ചോദ്യം. ഞാന്‍ ജനിച്ച സമയത്ത് അച്ഛന്‍ എനിക്ക് ഒരു ജാതിയും മതവും വേണ്ട എന്ന് വിചാരിച്ചാണ് ഈ പേരിട്ടത്. ഇത് എല്ലാവര്‍ക്കുമുള്ള കൗതുകമാണ്. ഞാന്‍ സ്‌കൂളില്‍ പോയിരുന്നപ്പോഴും എല്ലാവരും ചോദിച്ചിരുന്നു.

ഞാന്‍ വലുതായപ്പൊ അച്ഛന്‍ എന്നോട് ചോദിച്ചു, ‘നിനക്ക് ജാതിയും മതവും വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചതില്‍ നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ?’ എന്ന്. അച്ഛന്‍ ചെയ്തതില്‍ വച്ച് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷമുള്ള കാര്യമാണ് എനിക്ക് ജാതിയും മതവുമൊന്നും തരാതിരുന്നതെന്നാണ് ഞാന്‍ പറഞ്ഞത്.

കോമണ്‍ സെന്‍സുള്ള ഒരാളാണേല്‍ ഇത്തിരി നേരം ഒന്നാലോചിച്ച് നോക്കിയാല്‍ മനസിലാവും, ഒരര്‍ത്ഥവുമില്ലാത്ത കാര്യങ്ങളാണ് ഈ ജാതിയും മതവുമെല്ലാം എന്ന്. സോ, വീണ്ടും പറയുന്നു അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് എനിക്ക് ജാതിയും മതവും തരാതിരുന്നത്. എന്റെ സ്‌കൂളിലെയും കോളേജിലെയും ഫോമിലൊക്കെ ജാതിയുടെയും മതത്തിന്റെയും കോളത്തില്‍ ഒരു വരയാണ് ഉള്ളത്. ജാതിയും മതവുമില്ലാത്ത കുട്ടി.


അന്ന ഫാത്തിമയുമായുള്ള അഭിമുഖത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് വാട്ട്സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.