കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായ പരാതി: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു


കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററില്‍ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം.

ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐസിയുവിലെ നഴ്‌സിനോട് പരാതി പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജീവനക്കാരന്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.