ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം; കൊയിലാണ്ടിയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; ലംഘിച്ചാല്‍ അരലക്ഷം രൂപവരെ പിഴ- നിരോധനം ബാധകമായ ഉല്പന്നങ്ങള്‍ ഇവയാണ്കൊയിലാണ്ടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കുളള നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊയിലാണ്ടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിരോധനത്തിന്റെ ഭാഗമായി കടകളില്‍ നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ 30നുളളില്‍ നീക്കംചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍ പറഞ്ഞു. മാര്‍ക്കറ്റ്, ബസ്സ് സ്റ്റാന്റ് മറ്റിടങ്ങളില്‍ ആരോഗ്യ വിഭാഗം ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തിയിരുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും, വില്‍ക്കുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും.

നിരോധനം ലംഘിച്ചാല്‍ ആദ്യപിഴ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപ മൂന്നാം തവണയും നിയമലംഘനം കണ്ടെത്തിയാല്‍ 50000 രൂപ പിഴയും കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്താനനുമതി റദ്ദാക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം കാര്യക്ഷമാവാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുളള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും.

നിരോധനം ബാധകമായ ഉത്പന്നങ്ങള്‍: മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടു കൂടിയ ഇയര്‍ ബഡ്സുകള്‍, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക്ക് സ്റ്റിക്, മധുരപലഹാരങ്ങള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം. നോണ്‍ വൂവന്‍ ഉള്‍പ്പെടെ ഉളള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക്ക് ഗാര്‍ബേജ് ബാഗുകള്‍ (ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ക്കായി ഉളളവ ഒഴികെ), ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, പ്ലേറ്റുകള്‍, ടംബ്ലറുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാര വസ്തുക്കള്‍, ഏകോപയോഗ പ്ലാസ്റ്റിക് നിര്‍മ്മിത സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രോ, സ്റ്റീറര്‍, പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗളുകള്‍, ഇല, ബാഗുകള്‍, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങള്‍, പിവിസി ഫ്ളെക്സുകള്‍, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണി ബാനറുകള്‍, കുടിവെളള പൗച്ചുകള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍.

നേരത്തെ തന്നെ 50 മൈക്രോണില്‍ താഴെയുള്ള ക്യാരി ബാഗുകള്‍ അഥവാ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചിരുന്നു. ഇനി മുതല്‍ അത് ഒറ്റത്തവണ ഉപയോഗക്ഷമത മാത്രമുള്ള ക്യാരി ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും കൂടി ബാധകമാകും.