കോഴിക്കോട് രണ്ട് പേർക്ക് കൂടി ഷിഗെല്ല ലക്ഷണങ്ങൾ; ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം


കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ജില്ലയില്‍ നിലവില്‍ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 24 നാണ് എരഞ്ഞിക്കലില്‍ ഏഴ് വയസുകാരിയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയറിളക്കമടക്കമുള്ള അസുഖങ്ങൾ മൂലം കുട്ടി കഴിഞ്ഞ പതിനാറാം തിയതി പുതിയാപ്പ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.  അത്തോളിയില്‍ രണ്ട് കുട്ടികളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സമീപത്ത് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അനുമാനം.

കൂടുതല്‍ പേരില്‍ രോഗലക്ഷണം ഇതുവരെ കണ്ടെത്താത്തിനാല്‍ രോഗ വ്യാപന സാധ്യയില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. അതെ സമയം പ്രദേശത്തെ മുഴുവന്‍ വീടുകളിലെ കിണറുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. സ്ക്വോഡുകളായി ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണവും തുടങ്ങി. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ പാനീയങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഭയപ്പെടേണ്ട സാഹചര്യമല്ലെങ്കിലും ജാഗ്രത പാലിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുകയും കുടിക്കാനായി തെരഞ്ഞെടുക്കുന്ന വെള്ളം ശുദ്ധിയുളളതാണെന്ന് ഉറപ്പ് വരുത്തുക. ഇത്തരത്തില്‍ വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണം ഇല്ലാതാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിങ്ങനെ വീടുകളില്‍ നിന്നുള്ള വെള്ളം കുടിക്കാൻ ശ്രദ്ദിക്കണം.

വ്യക്തിശുചിത്വം പാലിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണത്തിന് മുൻപും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക, തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്ബര്‍ക്കം ഒഴിവാക്കുക, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക,
കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗരൂകരായിരിക്കണം.

2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്നു വയസുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച്‌ മരിച്ചിരുന്നു. മരണാനന്തരം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു.ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

[bot1]