‘നേതാവ് എന്നും ഉമ്മന്‍ ചാണ്ടി തന്നെ, അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ പ്രവര്‍ത്തിക്കും’; വടകരയിലെ വിജയത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയത്തിന് ശേഷം പുതുപ്പള്ളിയിലെത്തി എത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് വടകരയിലെ നിയുക്ത എം.പി ഷാഫി പറമ്പില്‍. രാഹുല്‍ മാങ്കൂട്ടം, കെ.സി ജോസഫ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.

ചാണ്ടി ഉമ്മനൊപ്പം പള്ളിയിലെത്തി സന്ദര്‍ശനം നടത്തിതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ചതിന് ശേഷമാണ് ഷാഫി അവിടെ നിന്നും മടങ്ങിയത്. ഷാഫിയെ കാണാനായി നിരവധി പേരാണ്‌ പള്ളിയിലേക്ക് എത്തിയത്.

നേതാവ് ഇപ്പോഴും ഉമ്മന്‍ ചാണ്ടി സാറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്നലെയും ഇന്നും നാളെയും തന്റെ നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും ഷാഫി പറമ്പില്‍ മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടി കാണിച്ചു തന്ന വഴിയിലൂടെയാണ് ഒരു മനുഷ്യനെന്ന നിലയ്ക്കും ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയ്ക്കുംഅവസാന ശ്വാസം വരെയും പ്രവര്‍ത്തിക്കുക. ഞങ്ങള്‍ക്കൊക്കെ പലഘട്ടങ്ങളിലും അവസരങ്ങള്‍ ഉണ്ടാക്കി തന്നതും അവസരങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കരുത്തായി നിന്നതും സ്‌നേഹം കാണിച്ചതും ശാസിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടിയാണെന്ന് ഫാഫി പറഞ്ഞു.

ജനകീയത എന്ന വാക്കിന് രാഷ്ട്രീയത്തില്‍ ഇതുപോലെ അര്‍ത്ഥം കണ്ടെത്തിയ അദ്ദേഹത്തെ പോലെ ഒരു പൊതു പ്രവര്‍ത്തകന്‍ വേറെയില്ല. ജീവിതം മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച നേതാവാണ് അദ്ദേഹമെന്നും ഷാഫി പറഞ്ഞു.

വടകരയിലേത് രാഷ്ട്രീയ വിജയമാണെന്നും വര്‍ഗീയത പറയാനും പ്രചരിപ്പിക്കാനും അവിടെ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതൊന്നും വടകരയില്‍ ഏശിയിട്ടില്ല. കാഫിര്‍ പ്രചാരണത്തില്‍ പോലീസിന്റെ മെല്ലെപ്പോക്ക് ശരിയല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും ഷാഫി പറഞ്ഞു.

വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിന് മുൻപായി ഷാഫി പറമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സാറിനെ ഒരിക്കലും മറക്കില്ലെന്നും, വടകര പോകുമ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും ഷാഫി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.