സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ എം.എ വേദാന്തം കോഴ്‌സ് നിര്‍ത്തലാക്കി; ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ (വീഡിയോ കാണാം)


കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ. പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എം.എ വേദാന്തം കോഴ്‌സ് നിര്‍ത്തലാക്കിയത്.

ബി.എ വേദാന്തം കോഴ്‌സ് നിലവിലുള്ള സാഹചര്യത്തില്‍ പി.ജി കോഴ്‌സ് എടുത്തുമാറ്റുന്നത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടാണ് എന്നാരോപിച്ചാണ് എസ്.എഫ്.ഐ സമരം ആരംഭിച്ചത്. ഇത്തരത്തിൽ കോഴ്സ് നിർത്തലാക്കിയത് കൊയിലാണ്ടി സെന്ററിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പറയുന്നു.

ഇതിന് പുറമെ കൊയിലാണ്ടി സെന്ററിൽ നിലവിലുണ്ടായിരുന്ന എം.എ ഹിന്ദി ഒഴിവാക്കുകയുണ്ടായി. കാലിക്കറ്റ് സർവ്വകലാശാലയുടെ പി.ജി പ്രവേശനത്തിന് മുൻപ് അഡ്മിഷൻ നടക്കുകയും. റാങ്ക് ലിസ്റ്റിൽ മുകളിൽ ഉണ്ടായിരുന്ന കുട്ടികൾ അഡ്മിഷൻ എടുത്ത ശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ചപ്പോൾ ടി.സി വാങ്ങുകയും ചെയ്തപ്പോഴാണ് മുൻവർഷങ്ങളിൽ ഹിന്ദി എം.എ കോഴ്‌സിന് കുട്ടികൾ കുറഞ്ഞത്.

അഡ്മിഷൻ പ്രക്രിയ പ്രായോഗികമായ രീതിയിൽ പരിഷ്കരിച്ചാൽ ഹിന്ദി വിഭാഗത്തിൽ പഠിക്കുവാൻ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് നിരവധി വിദ്യാർഥികളെ പ്രാദേശിക കേന്ദ്രത്തിൽ ലഭ്യമാകും. റീ സ്‌ട്രക്ചറിംഗിൽ സർവകലാശാല കൊയിലാണ്ടിയിലേക്ക് പുതുതായി അനുവദിച്ച ഫിലോസഫി കോഴ്‌സ് അഡ്മിഷൻ കുറവായതിനാൽ തുടങ്ങും മുൻപ് ഒഴിവാക്കുന്ന അവസ്ഥയും നിലവിലുണ്ട്. ഫിലോസഫി റാങ്ക് ലിസ്റ്റിന്റെ എണ്ണം പരിശോധിച്ചാൽതന്നെ കാലടി മുഖ്യ കേന്ദ്രത്തിൽ ഒഴികെ മറ്റെങ്ങും കോഴ്‌സ് നടത്താനുള്ള വിദ്യാർഥികളെ ലഭിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

സർവകലാശാലയുടെ പ്രാദേശികകേന്ദ്രങ്ങളിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള, കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സെന്റർ എന്ന നിലയിൽ കൊയിലാണ്ടിയിൽ പി.ജി കോഴ്‌സുകൾ നിലനിൽക്കേണ്ടതുണ്ട്. എം.എ വേദാന്തം പുനരാരംഭിക്കുകയും ഹിന്ദി പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയും വേണമെന്നും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സിദ്ധാര്‍ഥ്, പ്രസിഡന്റ് അനൈന, ഏരിയാ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നൽകി.

വീഡിയോ കാണാം: