”അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാം” കോഴിക്കോട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ പരിശീലനപരിപാടി സംഘടിപ്പിച്ച് പൊലീസ്- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി നടത്തുന്നു. മാര്‍ച്ച് 11,12 തിയ്യതികളിലാണ് സൗജന്യ പരിശീലനം.
സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് പോലീസ് ക്ലബ്ബില്‍ ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് പോലീസ് ക്ലബ്ബ്, കാരന്നൂര്‍ എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് പരിശീലനം നടക്കും. എസ്.കെ പൊറ്റക്കാട് ഹാള്‍, കക്കോടി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഞായറാഴ്ച്ചയും (മാര്‍ച്ച് 12)പരിശീലനം നടക്കും. പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2318188.