സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന്; മെയ് പത്തിനകം പാഠപുസ്തക വിതരണം പൂര്‍ത്തിയാകും


Advertisement

തിരുവനന്തപുരം: 2025 – 26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മെയ് 10നകം പാഠപുസ്തകം വിതരണം പൂര്‍ത്തിയാകും. സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

പാഠ്യപരിഷ്‌കരണം അവസാന ഘട്ടത്തിലാണെന്നും പുതുക്കിയ പാഠപുസ്തകങ്ങള്‍ ഏപ്രില്‍ 23ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം, വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുന്‍പുതന്നെ വിദ്യാലയങ്ങളിലെത്തിച്ചു വിതരണമാരംഭിച്ചിട്ടുണ്ട്.

Advertisement

ബാക്കി ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം 23 ന് ആരംഭിക്കും. മൂന്ന് കോടി എട്ട് ലക്ഷം പുസ്തകങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്തകങ്ങളും ഈ വര്‍ഷം 2, 4, 6, 8 ക്ലാസുകളിലെ പുസ്തകങ്ങളുമാണ് പരിഷ്‌കരിച്ചത്.

Advertisement

പ്രൈമറി തലങ്ങളില്‍ കായിക വിദ്യാഭ്യാസത്തിന് വേണ്ടി ഹെല്‍ത്തി കിഡ്സ് എന്ന പ്രത്യേക പുസ്തകവും ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് യോഗ പരീശിലനത്തിനുള്ള പ്രത്യേക പാഠപുസ്തകവും പുതിയ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കൂടാതെ കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രത്യേക പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം മുതലുണ്ടാകും.

Advertisement

തൊഴില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാര്‍പ്പിടം, വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ് വസ്തു പരിപാലനം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, പ്ലമ്പിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളില്‍ അഞ്ച് മുതല്‍ പത്താം ക്ലാസു വരെ പ്രത്യേക പാഠപുസ്തകമുണ്ടാകും.