വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാട്


പേരാമ്പ്ര: കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാടിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ കെ.പി.സി.സി മെംബറായി പ്രവര്‍ത്തിച്ചുവരുന്ന സത്യന്‍ കടിയങ്ങാടിന് വിദ്യാര്‍ത്ഥികാലം മുതല്‍ക്കുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി നോമിനേറ്റ് ചെയ്യുന്നത്.

പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ സത്യന്‍ കടിയങ്ങാട് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ദീര്‍ഘകാലം കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

നേരത്തെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.യു പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി, ജില്ലാ ജന.സെക്രട്ടറി പദവികള്‍ വഹിച്ചു. 1995 മുതല്‍ 2000 വരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഡി.സി.സി നിര്‍വാഹക സമിതി അംഗം, ലോട്ടറി തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, ടെലഫോണ്‍ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.