‘കനത്ത മഴ ആയിരുന്നു, കറന്റും ഇല്ലായിരുന്നു, വെളിച്ചം കണ്ട് സംശയം തോന്നി നോക്കിയപ്പോൾ ആരെയും കണ്ടില്ല, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ വീടിനോടു ചേർന്ന് നടക്കുന്നത് കാണുന്നത്, കള്ളനെ കണ്ട പകപ്പ് ഇനിയും മാറിയിട്ടില്ല’; പാലകുളത്ത് മോഷണ ശ്രമം നടന്ന വീട്ടുടമയുടെ സഹോദരൻ സുബൈർ പാലക്കുളം പറയുന്നു


കൊയിലാണ്ടി: ‘കള്ളനെ കണ്ട് പകച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടടുത്ത് ജ്യേഷ്ഠൻ പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെ വീടിന്റെ പരിസരത്ത് വെളിച്ചം കണ്ട് ഞാൻ ചെന്ന് നോക്കിയിരുന്നു, എന്നാൽ ഒന്നും കണ്ടില്ല പിന്നീട് സംശയം തോന്നി സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ വീടിന്റെ കൂടെ പരിസരത്തു കൂടെ നടക്കുന്നത് കണ്ടത്. പതിനൊന്നേ മുക്കാലോടെയായിരുന്നു കള്ളൻ ഇവിടെ എത്തിയത്.’ പാലകുളത്ത് മോഷണ ശ്രമം നടന്ന വീടിന്റെ തൊട്ടു സമീപത്തു താമസിക്കുന്ന സുബൈർ മാണിക്കോത്ത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഞങ്ങൾ ഒരേ കോംപൗണ്ടിലാണ് താമസിക്കുന്നത്. അങ്ങനെയാണ് ഒരു വെളിച്ചം മിന്നുന്നത് കണ്ടത്. . ആ സമയത്ത് മഴയുണ്ടായിരുന്നു, അതിനാൽ കറന്റ് ഇല്ലായിരുന്നു, അത് കള്ളന് ഏറെ സൗകര്യമായിരുന്നു. മുൻവശത്ത് കൂടിയാണ് ഇയാൾ കയറി വന്നത്, അതിനു ശേഷം സൈഡിലൂടെ നടന്നു വീടിന്റെ പരിസരത്ത് കാര്യമായി പരിശോധന നടക്കുന്നത് ദൃശ്യങ്ങളിൽ കണ്ടു. സുബൈർ കൂട്ടിച്ചേർത്തു.


Also Read: ആദ്യം കൂളായി നടന്നു വരുന്നു, ക്യാമറ കണ്ട് പകച്ച് തിരിച്ചോടുന്നു, മുഖം മറച്ച് വീണ്ടും വരുന്നു; പാലക്കുളത്ത് ആയുധങ്ങളുമായി എത്തിയ മോഷ്ട്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്; കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ആദ്യം നേരെ കയറി വരുന്ന ഇയാൾ പെട്ടന്ന് ക്യാമറ കണ്ടതോടെ തിരികെ പോയി മുണ്ടുപയോഗിച്ച് മുഖം മറച്ചു വരുകയായിരുന്നു. പിന്നീട് വീടിന്റെ ചുറ്റും സമീപത്തുള്ള ചായ്‌പിലും കയറിയിറങ്ങി ലൈറ്റ് അടിച്ചു പരിശോധിക്കുന്നത് കാണാം.

‘സിൽക്ക് ബസാർ അമ്പല പറമ്പിൽ അബ്‌ദു റഹ്മാന്റേയും വീട്ടിലും ഏകദേശം രാത്രി ഒന്നരയോടെ മോഷണ ശ്രമം നടന്നിട്ടുണ്ട്. വീടിന്റെ വാതിലിന്റെ പുറകു വശം കുത്തി തുറക്കാനുള്ള ശ്രമങ്ങളും അവിടെ നടന്നു. ഇയാളുടെ കയ്യിൽ വലിയ ആയുധവും കവറും ഒക്കെ കാണാമായിരുന്നു. ദൃശ്യങ്ങളിൽ ഒരു സെക്കന്റ് നേരത്തേക്ക് ഇയാളുടെ മുഖം കാണാം, അക്കെങ്കിലും ഇയാളെ പരിചയമുണ്ടെങ്കിൽ കണ്ടുപിടിക്കാൻ സഹായകരമാകുമല്ലോ’. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വാങ്ങിയെന്നും സുബൈർ പറഞ്ഞു.

സി.സി.ടി.വി ദൃശ്യം കാണാം: