കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനേറ്റു, മൂന്ന് പേര്‍ ആശുപത്രിയില്‍; ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം അക്രമികളുടെ ക്രൂരമര്‍ദ്ദനം. സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ തടഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് സുരക്ഷാ ജീവനക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.

ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി.

ഇതിന് പിന്നാലെ 15 ഓളം ആളുകള്‍ കൂട്ടമായെത്തി സൂരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

അക്രമണത്തിന് പിന്നില്‍ ഒരുരാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അടികൊണ്ടുനിലത്തുവീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകള്‍ ചവിട്ടിക്കൂട്ടുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മാധ്യമം പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കും ഇവരുടെ അടിയേറ്റു. സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ ആ സമയം മെഡിക്കല്‍ കോളജിലുണ്ടായിരുന്ന ഷംസുദ്ദീന്‍ ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതോടെ അവര്‍ ഷംസുദ്ദീനു നേരെ തിരിഞ്ഞ് മൊബൈല്‍ പിടിച്ചു വാങ്ങുകയും മര്‍ദിക്കുകയുമായിരുന്നു.

വീഡിയോ കാണാം: