ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കീറിമുറിച്ചു; തീരാദുരിതത്തിലായി അരിക്കുളത്തെ ഡ്രൈവര്‍മാര്‍


അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി അരിക്കുളം പഞ്ചായത്തിലെ റോഡുകള്‍ കീറിമുറിച്ചത് നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. റോഡില്‍ നിരന്തരം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴ്ചയില്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ട സ്ഥിതിയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിന് സൈഡായി പൈപ്പിട്ട ചാലുകളില്‍ വാഹനങ്ങളും താഴ്ന്ന്‌ പോവുന്നുണ്ട്‌.

രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് പോലുള്ള വാഹനങ്ങളില്‍ രോഗികളെയും കൊണ്ടുപോവുമ്പോഴാണ് കൂടുതല്‍ ദുരിതം. മിക്കപ്പോഴും വാഹനങ്ങള്‍ ചാലുകളില്‍ താഴ്ന്ന് പോവുകയാണ്‌. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്‌ അരിക്കുളം മോട്ടോർ തൊഴിലാളി കൊഡിനേഷന്‍ യോഗം വിളിച്ചു ചേര്‍ത്തു.

പദ്ധതിക്കായി കീറിയ റോഡുകള്‍ കൃത്യമായി അടയ്ക്കാത്തത്‌ പൈപ്പിടൽ കരാർ ഏറ്റെടുത്ത കമ്പനിയുടെ അനാസ്ഥതയാണെന്നും, പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. റിയാസ് ഊട്ടേരി അധ്യക്ഷത വഹിച്ചു. ഫൈമസ് ബാബു, മുഹമ്മദ് എടച്ചേരി, അനിൽകുമാർ അരിക്കുളം, ബ്രദേഴ്സ് സത്യൻ, രമേശൻ കട്ടയാട്ട്, ഫൈസൽ കിഴക്കയിൽ, സുബൈർ ഷാഡോസ്, ഷറഫുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു,
സി.കെ മൊയ്തി സ്വാഗതവും ആബിദ് കുരുടിമുക്ക് നന്ദിയും പറഞ്ഞു.