നിബിഡ വനത്തിനുള്ളിലൂടെ കാടിന്റെ സൗന്ദ്യര്യവും ആസ്വദിച്ചൊരു ട്രക്കിംഗ്, പുൽമേട്ടിൽ നിന്ന് മഞ്ഞുപാളികളുടെ സൗന്ദര്യം നുകരാം; കാസർകോട്ടെ റാണിപുരത്തേക്ക് ഒരു വൺഡേ ട്രിപ്പ് പോകാം…
തിരക്കേറിയ ജീവിതത്തില്‍ നിന്ന് പ്രകൃതിയുടെ കളിത്തട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ആരാണ് ആഗ്രഹിക്കാത്തത്. പുല്‍മേടുകളും ചെങ്കുത്തായ കുന്നും കാനന ഭംഗിയുമെല്ലാം നുകര്‍ന്ന് ഒരു വണ്‍ഡേ ട്രിപ്പിന് ആലോചനയുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ നേരെ റാണിപുരത്തേക്ക് വിട്ടോ. പ്രകൃതിയുടെ സര്‍വസൌന്ദര്യവും നിറച്ച റാണിപുരം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
മഞ്ഞിന്റെ നേര്‍ത്ത ആവരണം വിരിച്ച കുന്നുകളും അവയ്ക്ക് ചുറ്റും പടര്‍ന്നുകയറുന്ന തണുപ്പും കേരലത്തിന്റെ ഊട്ടി എന്ന വിശേഷണമാണ് റാണിപുത്തിന് ചാര്‍ത്തിക്കൊടുക്കുന്നത്. പശ്ചിമ ഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ചെടുത്ത റാണിപുരം വടക്കൻ കേരളത്തിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. തണുത്ത നിശ്വാസം പൊഴിക്കുന്ന ഈ മലനിരകള്‍ വര്‍ഷം മുഴുവന്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. ആ മലകള്‍ക്ക് മുകളില്‍ കയറിയാല്‍ മഞ്ഞില്‍ മൂടിപ്പോകുമോയെന്നും മേഘപാളികളില്‍ തലയിടിക്കുമോ എന്നും ആര്‍ക്കും ആശങ്ക തോന്നിയേക്കാം. കർണാടകയിലെ തലക്കാവേരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ പനത്തടി വനമേഖലയിലാണ് റാണിപുരം ഹിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. പനത്തടിയില്‍ നിന്നുള്ള ജീപ്പ് സഫാരി ഏറെ ആസ്വാദ്യകരമാണ്. നീലേശ്വരമാണ് റാണിപുരത്തിനോട് അടുത്ത് കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മാടത്തുമല എന്ന് ആളുകള്‍ വിളിച്ച് പോന്നിരുന്ന ഇവിടം വര്‍ധിച്ചുവന്ന ക്രിസ്ത്യൻ കുടിയേറ്റത്തെ തുടർന്നാണ് റാണിപുരം അഥവാ റാണിമല എന്ന പേരിലേക്ക് മാറുന്നത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.
നിബിഡ വനത്തിനുള്ളിലൂടെ കാടിന്റെ നിഗൂഢ സൌന്ദ്യര്യവും ആസ്വദിച്ചും കുത്തനെയുള്ള മലകയറിയും വേണം റാണിപുരത്തിന്റെ മുകളിലെത്താൻ. ട്രെക്കിങ്ങിന് പേരുകേട്ട ഇടമാണ് റാണിപുരം. കാട്ടിലൂടെ നടന്ന് കുറച്ച് കഴിഞ്ഞാല്‍ നാം എത്തിച്ചേരുക മനോഹരമായ പുല്‍മേട്ടിലാണ്. വിശാലമായ പുൽമേട്ടിലെത്താം. അവിടെ നിന്നും മുന്നോട്ട് പോകുമ്പോൾ 2460 അടി ഉയരമുള്ള മലയുടെ നെറുകയിലെത്താം. പോകുന്ന പോക്കില്‍ ആന, പുള്ളിപ്പുലി, മാനുകൾ, കാട്ടുപന്നി, കുരങ്ങുകൾ, കുറുനരികൾ തുടങ്ങിയ വ്യത്യസ്ത ജീവജാലങ്ങളുടെ സാമീപ്യവും നമുക്ക് കാണാനായേക്കാം.ധാരാളം ഇനം ചിത്രശലഭങ്ങളും കിളികളും മലമുകളില്‍ തങ്ങളുടെ ആവാസ വ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ട് . കരിമ്പരുന്ത്, ചുള്ളിപ്പരുന്ത്, ചെറിയ ചിലന്തിവേട്ടക്കാരൻ എന്നിവയും മലമുകളിലെ കുടികിടപ്പുകാരാണ്.
മലയുടെ ഒത്ത നെറുകില്‍ കയറിനിന്നാല്‍ കാണുന്ന അങ്ങകലെ കടല്‍ത്തിരകളലയടിക്കുന്ന കാഴ്ച സഞ്ചാരികള്‍ക്ക് മറക്കാനാകാത്തതാണ്. ഇവിടത്തെ വര്‍ണശബളമായ ആകാശക്കാഴ്ചയും അവര്‍ണനീയമാണ്.