‘ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണം’; വടകരയിൽ സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പ്ലസ്‌ വൺ വിദ്യാർഥിക്ക് പരിക്ക്


വടകര: പ്ലസ് വൺ വിദ്യാർത്ഥിനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. മേമുണ്ട അൻസാർ കോളേജിലെ വിദ്യാർഥിയായ ചേരാപുരം തോട്ടത്തിൽ മുഹമ്മദ് നിഹാലിനെ (17) ആണ് മൂന്ന് പേർ ചേർന്ന് മർദ്ദിച്ചത്. കോളേജ് കാന്റീനിൽ ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണമെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നതെന്നാണ് വിദ്യാർഥിയുടെ ബന്ധുക്കൾ പറയുന്നത്. സ്റ്റീൽ ഗ്ലാസുകൊണ്ടുള്ള ഇടിയിൽ നിഹാലിന്റെ ചുണ്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച ആശുപത്രിയിൽ ചികിത്സതേടി വീട്ടിലേക്ക് പോയെങ്കിലും രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചുണ്ടിനും തലക്കും പരിക്കേറ്റതിനാൽ നിഹാലിന് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് പൊലീസിന് മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം തുടങ്ങി. മുണ്ട അൻസാർ കോളേജിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ് നിഹാൽ.

Summary: A plus one student was injured in the beating of senior students in Vadakara