അടുത്തത് ബ്രസീല്‍; ലോകകപ്പില്‍ സുല്‍ത്താന്റെയും പടയുടെയും ആദ്യ അങ്കം ഇന്ന്


ദോഹ: വമ്പന്‍മാര്‍ തളര്‍ന്നുവീണ ലോകകപ്പ് അങ്കത്തട്ടിലേക്ക് ഇന്ന് ബ്രസീലും പോരിനിറങ്ങുന്നു. സെര്‍ബിയ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

സംശയമേതുമില്ലാത്ത വിജയപ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍. അര്‍ജന്റീനയുടെയും ജര്‍മനിയുടേയും വീഴ്ച ബ്രസീല്‍ ആരാധകരില്‍ ഒരു ആശങ്കയുമേല്‍പ്പിച്ചിട്ടില്ല. സുല്‍ത്താന്‍ ഇന്ന് കളം നിറഞ്ഞാടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍ ബെക്കര്‍. മുന്നില്‍ ഇരുമെയ്യും ഒരുമനസുമായി സില്‍വയും മാര്‍ക്വീഞ്ഞോസും.

ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാന്‍ ഡാനിലോയും അലക്‌സാന്‍ഡ്രോയും. കൊടുങ്കാറ്റായും പര്‍വതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാകവാഹകനായി സുല്‍ത്താന്‍ നെയ്മര്‍. സെര്‍ബിയന്‍ കോട്ട പൊളിക്കാന്‍ മുന്നില്‍ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയും. അല്‍പമൊന്നുലഞ്ഞാല്‍ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി.

ഒട്ടും മോശക്കാരല്ല സെര്‍ബിയ. യൂറോപ്പില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയ ഒന്നാമന്റെ തലയെടുപ്പുണ്ട് സെര്‍ബിയക്ക്. അക്രമണവും പ്രതിരോധവും ഒരുപോലെ വഴങ്ങുന്നവര്‍. ലോകകപ്പില്‍ ആദ്യ പോരാട്ടത്തില്‍ കനത്ത മത്സരം തന്നെ ഇരുടീമുകളും കാഴ്ചവെക്കാനാണ് സാധ്യത.