ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊയിലാണ്ടി എന്ന പേര് ഇനി ചരിത്രം; പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്ന പേരിന് വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരം


കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന പേര് ഇനി ചരിത്രത്തിന്റെ ഭാഗം. ഇനി മുതല്‍ പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന പേരിലാവും ഈ സ്‌കൂള്‍ അറിയപ്പെടുന്നത്. പേരുമാറ്റാനുള്ള പി.ടി.എയുടെയും പ്രധാന അധ്യാപികയുടെയും അപേക്ഷ അംഗീകരിച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.

പുതിയ ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടെ നല്‍കി സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ട്രഷറി തുടങ്ങിയ ഇടങ്ങളില്‍ സ്‌കൂളിന്റെ പേര് മാറ്റാനുള്ള അപേക്ഷ ഉടന്‍ നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പ്രബീദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ആദ്യത്തെ മൂന്ന് നാല് മാസം എളുപ്പം തിരിച്ചറിയുന്നതിനായി പുതിയ പേരിനൊപ്പം ബ്രാക്കറ്റില്‍ പഴയ പേര് കൂടി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സ്‌കൂളിന്റെ ബോര്‍ഡിലും സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും ഇനി പുതിയ പേര് ഉള്‍പ്പെടുത്തുമെന്ന് പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇതുവരെ പെണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന സ്‌കൂളില്‍ ഈ വര്‍ഷം മുതലാണ് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചത്. സ്‌കൂള്‍ മിക്‌സ്ഡ് ആക്കിമാറ്റാനുള്ള പി.ടി.എയുടെയും സ്‌കൂള്‍ അധികൃതരുടെയും അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചതോടെയായിരുന്നു ഇത്. ഇതേത്തുടര്‍ന്നാണ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന പേര് മാറ്റാന്‍ തീരുമാനിച്ചത്. പുതിയ പേര് നിശ്ചയിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ പഴയ പേരില്‍ തന്നെയായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.