ആദ്യം ലഹരിവിരുദ്ധ പ്രതിജ്ഞ, പിന്നെ ലഹരിക്കെതിരെ ബാലറ്റില്‍ വോട്ട്; തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പുതുലഹരിക്ക് ഒരു വോട്ട്’


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ പരിപാടിയായ ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടവും നശാ മുക്ത് ഭാരത് അഭിയാന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. എണ്ണൂറോളം കുട്ടികള്‍ വോട്ടിങ്ങില്‍ പങ്കെടുത്തു. വോട്ടെടുപ്പ് നടത്താനായി ക്രമീകരിച്ച മൂന്ന് പോളിംഗ് ബൂത്തുകളില്‍ പോളിങ് ഓഫീസര്‍മാരായി നിന്ന ഇരുപത് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിയതിന് ശേഷം ആദ്യംവോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികളും തങ്ങളുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി വോട്ട് ചെയ്തു.

വായന, സൗഹൃദം, കല, സാംസ്‌കാരികം, ഭക്ഷണം തുടങ്ങിയ എട്ടു മേഖലകള്‍ക്കൊപ്പം ലഹരിയും നോട്ടയും ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയിരുന്നു. ലഹരിയെയും നോട്ടയെയും പിന്തള്ളി സ്‌കൂളുകളെ കൂടുതല്‍ സര്‍ഗാത്മകമാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധയെ ക്ഷണിക്കുക എന്നതാണ് പുതുലഹരിക്ക് ഒരു വോട്ട് എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.