പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/07/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

ഏജന്‍സി ഫോര്‍ അക്വാകള്‍ച്ചര്‍, കേരള (അഡാക്ക്) ഉത്തര മേഖലയിലെ വിവിധ ഹാച്ചറികള്‍/ഫാമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ബി.എഫ്.എസ്.സി. അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഹാച്ചറി മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി, കണ്ണൂര്‍ ജില്ല, 670107 എന്ന വിലാസത്തില്‍ 29ാം തിയതിക്കു മുമ്പായി മുമ്പായി ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് Email [email protected].

ഗതാഗത നിയന്ത്രണം

ഫറോക്ക് ചുങ്കം- ഫറൂഖ് കോളജ് റോഡ്, ഫറൂഖ് കോളജ് -കാരാട് റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ (28-07-2022) പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ‘ശുദ്ധമായ പാലുത്പാദനം’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി നടത്തും. ആഗസ്ത് 9,10 തിയതികളിലാണ് പരിപാടി.20 രൂപയാണ് പ്രവേശന ഫീസ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി പരിശീലന സമയത്ത് ഹാജരാക്കണം. താല്പര്യമുള്ളവര്‍ ആഗസ്ത് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പായി [email protected] എന്ന വിലാസത്തിലോ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ദര്‍ഘാസ് ക്ഷണിച്ചു

സിവില്‍ സപ്ലൈസ് കോപ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഓണ ചന്ത നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരത്ത് ആഗസ്ത് 27 മുതല്‍(27.08.22) സെപ്തംബര്‍ 7 വരെ (07.09.22) നടക്കുന്ന ഓണ ചന്തയില്‍ ഒരു താത്കാലിക ഷെഡ്, ഷെഡ്ഡിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എന്നിവയ്ക്കാണ് ദര്‍ഘാസ് ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സപ്ലൈകോ കോഴിക്കോട് ഡിപ്പോയുമായി ബന്ധപ്പെടാം ഫോണ്‍ 0495-2414320.

സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവ്.താല്പര്യമുള്ളവര്‍ ജൂലൈ 31 ന് മുമ്പായി www.kittsedu.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 9446529467, 9447013046

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്‌മെന്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫിസര്‍ ട്രെയിനിംഗ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ഇന്റസ്ട്രിയല്‍ ആന്റ് കണ്‍സ്ര്ടക്ഷന്‍ സേഫ്റ്റി മാനേജ്‌മെന്റ് പ്രോഗ്രാം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തിയതി ആഗസ്്ത് 31. വിവരങ്ങള്‍ക്ക് 9020920920.

പെന്‍ഷനര്‍മാര്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കണം

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ പുതുക്കുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ ആഗസ്റ്റ് 31നകം കലക്ടറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കേണ്ടതാണ്.നേരിട്ട് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേന നിര്‍ദ്ദിഷ്ട പ്രൊഫോമയില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 30ന് ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. അന്നേദിവസം 3.30 ന് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2630800.

കായിക യുവജനകാര്യ മേഖലാ ഓഫീസ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

കായിക യുവജനകാര്യ മേഖലാ ഓഫീസ് ജില്ലയില്‍ വ്യാഴാഴ്ച (28.07.2022) ഉച്ചയ്ക്ക് 2.30ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഓഫീസ്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. സംസ്ഥാനത്തെ ആദ്യ മേഖലാ ഓഫീസാണ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടാമത്തെ മേഖലാ ഓഫീസ് അടുത്ത മാസം എറണാകുളത്ത് കലൂര്‍ ജി.സി.ഡി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇതോടെ കായിക വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാകും. ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഓഫീസിന്റെ ചുമതല.

ഡെങ്കിപ്പനി വിരുദ്ധ മാസാചരണം: ജില്ലാതല ഉദ്ഘാടനവും ഉറവിട നശീകരണ പരിശീലനവും നടത്തി

ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സരള നായര്‍ മുഖ്യപ്രഭാഷണം നടത്തി.

വീട്ടിലും വിദ്യാലയത്തിലും കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്ററുകളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകവും ലഘുലേഖകളും ചടങ്ങില്‍ വിതരണം ചെയ്തു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വളരുന്ന ഉറവിടങ്ങള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ഇല്ലാതാക്കുകയും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി ഡെങ്കിപ്പനി തടയുകയുമാണ് ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ലക്ഷ്യം.

ചടങ്ങില്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഷിനി കെ.കെ, ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍ പി, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, എച്ച്.എസ്.ടി ചന്ദ്ര എന്നിവര്‍ സംസാരിച്ചു. ടെക്നിക്കല്‍ അസിസ്റ്റന്റ് ജോസ് എ.ജെ കൊതുകുകളുടെ ഉറവിട നശീകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിജു സി.പി, വി.ബി.ഡി കണ്‍സള്‍ട്ടന്റ് അക്ഷയ എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.

പുതിയാപ്പ ഹാര്‍ബറിന് സ്വപ്ന സാക്ഷാത്കാരം; ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാര്‍ത്ഥ്യമാവുന്നു

മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന പുതിയാപ്പ ഹാര്‍ബറിലെ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ മുറികളും നാളെ (28.07.2022) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനാകും. ഹാര്‍ബര്‍ വികസനത്തിന്റെ ഭാഗമായി ഫിംഗര്‍ ജെട്ടി, ചുറ്റുമതില്‍, ലോക്കര്‍ മുറികള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. ‘ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.01 കോടിയോളം രൂപ ചിലവിലാണ് ഫിംഗര്‍ ജെട്ടി നിര്‍മ്മിച്ചത്.

തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചത്. കൈവിരല്‍ ആകൃതിയില്‍ കടല്‍പ്പാലം മാതൃകയിലാണ് പുതിയ ജെട്ടികള്‍. ഇവ തമ്മില്‍ 100 മീറ്റര്‍ അകലം ഉള്ളതിനാല്‍ ഇരുവശങ്ങളിലും യാനങ്ങള്‍ സുഗമമായി അടുപ്പിക്കുവാന്‍ സാധിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായി ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്നത്. ഇതോടെ തിരക്ക് പൂര്‍ണ്ണമായും ഒഴിവാക്കി കൂടുതല്‍ യാനങ്ങള്‍ സുരക്ഷിതമായും സൗകര്യത്തോടെയും ഹാര്‍ബറില്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ജെട്ടിയിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ചുറ്റുമതിലും ലോക്കര്‍ മുറികളും നിര്‍മ്മിച്ചിട്ടുണ്ട്്. ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നിലവില്‍ 10 ലോക്കര്‍ മുറികളാണുണ്ടായിരുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.25 കോടി രൂപ ചിലവില്‍ 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് നിര്‍മ്മിച്ചത്. ലോക്കര്‍ മുറികളിലേക്കും പടിഞ്ഞാറെ പുലിമുട്ടിലേക്കും 95 ലക്ഷം രൂപ ചെലവഴിച്ച് പുതിയ റോഡും ഒരുക്കി.

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.