ആയിരത്തോളം പ്രതിഭകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ; പൂക്കാട് കലാലയത്തിന്റെ വാർഷികോത്സവം ആവണിപ്പൂവരങ്ങിന് സമാപനം


ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തിയൊൻപതാമത് വാർഷികോത്സവം ആവണിപ്പൂവരങ്ങ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ആയിരത്തോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ഇതോടെ മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി ആവണിപ്പൂവരങ്ങ് മാറി.

നൃത്തം, ചിത്രം, വാദ്യം, സംഗീതം, ചുമർച്ചിത്രം എന്നീ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകളാണ് അരങ്ങിലെത്തിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘഗാനം, വാദ്യവൃന്ദം, ഗാനമേള, നാടകം, ചിത്രപ്രദർശനം, ജൂബിലി സ്വാഗതനൃത്തം, താളവാദ്യ സമന്വയം എന്നിവയാണ് അരങ്ങേറിയത്. പൂക്കാട് കലാലയം വിദ്യാർത്ഥികളും അധ്യാപകരും പ്രവർത്തകരുമടങ്ങുന്ന കലാവിഭാഗമാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.