ടി.ടി ഇസ്മയിലിന് ബിജെപി വേദിയില്‍ പൊന്നാട; മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം (വീഡിയോ കാണാം)


കൊയിലാണ്ടി: ലീഗ് നേതാവ് ടി.ടി ഇസ്മയിലിന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാട അണിയിച്ച സംഭവത്തില്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഏറ്റുവാങ്ങുന്നത് ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാളാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ കെ റെയില്‍വിരുദ്ധ പദയാത്ര നടത്തിയിരുന്നു. പദയാത്ര വെങ്ങളം കാട്ടില്‍പ്പീടികയിലെ വേദിയിലെത്തിയപ്പോഴാണ് ടി.ടി.ഇസ്മയിലിനെ വേദിയില്‍ സ്വീകരിച്ചത്. കെ റെയിലിനെതിരെ ബിജെപിയുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാവ് ബി.ജെ.പി വേദിയിലെത്തിയത്. കെ റെയില്‍ വിരുദ്ധ ജാഥാ വേദിയില്‍ ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചത് ലീഗിന്റെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ബി ജെ പി വേദിയില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടയില്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പൊന്നാട ഏറ്റുവാങ്ങിയ ലീഗ് നേതാവ് ടി ടി ഇസ്മയിലിന്റെ നടപടിയില്‍ മുസ്ലീം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലീഗ് നേതാക്കള്‍ വംശഹത്യാ രാഷ്ട്രീയത്തിന്റെ മൂര്‍ച്ച കൂട്ടുന്ന പണിയാണ് എടുക്കുന്നതെന്നും സി.പി.എം.

ന്യൂനപക്ഷ മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണവും വംശീയ ഉന്മൂലനവും, രാഷ്ടീയ ലക്ഷ്യമായി സ്വീകരിച്ച സംഘപരിവാര്‍ നേതാക്കള്‍ ഒരുക്കിയ വേദിയില്‍ എന്തിന്റെ പേരിലായാലും മുസ്ലീം സമുദായത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ലീഗ് നേതാവ് ആദരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന് മറുപടി പറയാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ട്.

കേരളത്തിലുള്ള അക്കൗണ്ട് പൂട്ടിപ്പോയ ബിജെപിക്ക്, സ്വാധീനമുറപ്പിക്കാനുള സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രത്തില്‍ ലീഗ് കുരുങ്ങിയതിന്റെ സൂചനയാണിത്. കെ സുധാകരന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ഒക്കച്ചങ്ങായിമാരായി അധപതിച്ച കോണ്‍ഗ്രസും യുഡിഎഫും ബിജെപി യുമായി ചേര്‍ന്ന് കേരളത്തിന്റൈ വികസനത്തിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന പുതിയ വിമോചന സമരത്തിന്റെ സൂചനയാണ് ലീഗ് നേതാവിന് ലഭിച്ച ആദരം.

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് ഹിന്ദുത്വ വാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തും ഗുജറാത്തില്‍ വംശഹത്യ നടത്തിയതെന്നും ലീഗ് നേതാക്കള്‍ മറക്കരുത്. ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാള്‍ ഏറ്റുവാങ്ങുന്ന ലീഗ് നേതാക്കള്‍ വംശഹത്യാ രാഷ്ട്രീയത്തിന്റെ മൂര്‍ച്ച കൂട്ടുന്ന പണിയാണ് എടുക്കുന്നതെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ വിഭാഗം മതനിരപേക്ഷ ശക്തികളും ലീഗിന്റേയും യുഡിഎഫിന്റേയും ബിജെപി ബാന്ധവത്തിനെതിരെ രംഗത്തിറങ്ങണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ലീഗിന്റെ മൗനത്തിലും ടി ടി ഇസ്മയിന്റെ നടപടിക്കും എതിരെ ലീഗ് അണികളിലും പ്രതിഷേധം ഉയരുന്നുണ്ട്.

ടി.ടി.ഇസ്മായിൽ ബി.ജെ.പി വേദിയിൽ-വീഡിയോ കാണാം: