പയ്യോളി നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന; 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി, നിരോധനത്തെ കുറിച്ച് അറിയില്ലെന്ന് വ്യാപാരികള്‍


Advertisement

പയ്യോളി: നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നുള്ള ഉദ്യാഗസ്ഥരാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. ബീച്ച് റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പേപ്പര്‍ കപ്പ് പിടികൂടിയത്. ഏകദേശം 75 കിലോ കപ്പുകളാണ് പിടിച്ചെടുത്തത്.

Advertisement

എന്നാല്‍ പേപ്പര്‍ കപ്പിനുള്ള നിരോധനം സംബന്ധിച്ച് അറിവില്ലെന്ന് വ്യാപാരികള്‍ പറയുകയും എതിര്‍പ്പുമായി സംഘടനാ നേതാക്കള്‍ എത്തുകയും ചെയ്തു. അംഗീകൃത പേപ്പര്‍ കപ്പുകള്‍ക്ക് മാത്രമേ വില്‍പ്പനാനുമതി ഉള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത കപ്പുകളുടെ തുക മൊത്തവിതരണക്കാര്‍ തിരികെ നല്‍കാമെന്ന് പഞ്ഞതോടെ രംഗം ശാന്തമായി.

Advertisement

പിടിച്ചെടുത്ത പേപ്പര്‍ കപ്പുകള്‍ നഗരസഭയുടെ ഹരിതകര്‍മ്മ സേനയുടെ സഹായത്തോടെ മിനി എം.സി.എഫ് കേന്ദ്രത്തിലേക്ക് മാറ്റി. ആദ്യ തവണ ആയതിനാല്‍ ഉദ്യോഗസ്ഥര്‍ കടയില്‍ നിന്ന് പിഴ ഈടാക്കിയില്ല. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും പരിശോധനയില്‍ നിരോധിത പേപ്പര്‍ കപ്പുകളോ ക്യാരി ബാഗുകളോ കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യാപാരികളെ അറിയിച്ചു.

Advertisement

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്യു.ആര്‍ കോഡ് ഉള്ള പേപ്പര്‍ കപ്പുകളും ക്യാരി ബാഗുകളും മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് പയ്യോളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.പ്രജീഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉല്‍പ്പന്നം സംബന്ധിച്ച വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.അനുഷ, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ജിഷ്ണു മോഹന്‍, എം.ആര്‍ദ്ര, എന്നിവരും ജീവനക്കാരന്‍ സി.എസ്.നിഖില്‍, പയ്യോളി നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.പ്രജീഷ് കുമാര്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.