ഒ.ടി.പി ചോദിച്ച് പരിചിത നമ്പറുകളില്‍ നിന്ന് മെസേജ് വരും; സംസ്ഥാനത്ത് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകമാകുന്നതായി പൊലീസ്


Advertisement

തിരുവനന്തപുരം: പരിചിത നമ്പറുകളില്‍ നിന്ന് ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തില്‍ വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി.

ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്ന് ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. ഒരു ആറക്ക ഒടിപി നമ്പര്‍ എസ്എംഎസ് ആയി അബദ്ധത്തില്‍ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്ത് നല്‍കാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളില്‍ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്.

Advertisement

നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളില്‍ നിന്നാകും ഇത്തരത്തില്‍ മെസ്സേജ് വരുന്നത്. ഒടിപി നമ്പര്‍ ഫോര്‍വേഡ് ചെയ്തു കൊടുത്താല്‍ നമ്മുടെ വാട്‌സ്ആപ്പ് അക്കൗണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടര്‍ന്ന് നമ്മള്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലെ അംഗങ്ങള്‍ക്കും ഇത്തരത്തില്‍ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

Advertisement

ഇത്തരത്തില്‍ നൂറുകണക്കിന് പരാതികളാണ് പൊലീസ് സൈബര്‍ സെല്ലിന് ലഭിക്കുന്നത്. ഇതു മാത്രമല്ല വാട്ട്‌സ്ആപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നതായി പോലീസ് പറയുന്നു. ഒടിപി നമ്പര്‍ ആവശ്യപ്പെട്ട് നമുക്ക് പരിചയമുള്ള ആളുകള്‍ മെസ്സേജ് അയച്ചാല്‍ പോലും മറുപടി നല്‍കരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Advertisement

ഒരാളുടെ യഥാര്‍ത്ഥ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കുന്നതിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ കോണ്‍ടാക്ട് ലിസ്റ്റിലും ഗ്രൂപ്പുകളില്‍ ഉള്ളവരുടെ അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാര്‍ക്ക് വളരെ വേഗം കടന്നുകയറാന്‍ കഴിയുന്നു. വാട്‌സപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചാല്‍ ആ മെസ്സേജും തട്ടിപ്പ് സംഘത്തിന് ഡിലീറ്റ് ആക്കാന്‍ കഴിയും. കൊച്ചിയില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു നമ്പരില്‍ നിന്നും മറ്റൊരാളുടെ നമ്പറിലേക്ക് ഇത്തരത്തില്‍ ഒടിപി നമ്പര്‍ ചോദിച്ചു കൊണ്ട് മെസ്സേജ് വരികയും അയാള്‍ കൊടുക്കുകയും ചെയ്ത് തട്ടിപ്പിനിരയായിരുന്നു.

അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളില്‍ നിന്നുള്‍പ്പെടെ ഒ.ടി.പി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Summary: Police say that hacking WhatsApp accounts and extorting money is becoming widespread in the state