കോഴിക്കോട് സ്വദേശിനിയായ യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെതിരായ തെളിവുകൾ ശേഖരിച്ച് പൊലീസ്; നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു


 

കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെ തെളിവായി നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലങ്ങളിൽ പീഡനം നടന്നുവെന്നാണ് പരാതിയിലുള്ളത്. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു.

 

നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

 

ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുത്തു. കൂടുതൽ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സാക്ഷികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹർജി നൽകും. താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ്  വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്. ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത.


വീഡിയോ കാണാം:


വിജയ് ബാബു എത്ര ദിവസം ഒളിവിലിരുന്നാലും അദ്ദേഹത്തിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണസംഘത്തിൻ്റെ നിലപാട്.

 

കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏപ്രില്‍ 24നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇയാള്‍ ഗോവയിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നും വിദേശത്തേക്ക് കടക്കുകയായിരുന്നു.

 

ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി ഇന്നലെ വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

[bot1]