ബാസ്‌കറ്റ് ബോള്‍ താരം ലിത്താരയുടെ മരണം: സമഗ്രാന്വേഷണം വേണം, ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍


പേരാമ്പ്ര: കുറ്റ്യാടി സ്വദേശിനിയും പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരവുമായ ലിത്താരയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ലിത്താരയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട് ലിത്താരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും ബീഹാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിത്താരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ലിത്താരയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിത്താരയുടെ മരണത്തില്‍ കോച്ചിനെതിരെ ബന്ധുക്കള്‍ ആരോപണം കടുപ്പിച്ചിട്ടുണ്ട്. ടീമിന്റെ കോച്ച് രവി സിംഗില്‍ നിന്ന് ലിത്താര അനുഭവിച്ച നിരന്തരമായ മാനസിക പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പട്ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

രവി സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് ലിത്താര ചില സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം ലിത്താര കൃത്യമായി പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നതാണ്. തിങ്കളാഴ്ചയാണ് ഈ വിവരം ലിതാര അറിഞ്ഞത്. പരാതി കാരണം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അമ്മയുടെ ചികിത്സ, വീടുപണി, വീടുപണിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് എന്നിവയെല്ലാം തന്റെ വരുമാനത്തില്‍ നിന്നായതിനാല്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്ക ലിതാരയെ മാനസികസംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചെന്നാണ് സംശയം.

[bot1]